കൊച്ചി: ഡർബാർ ഹാൾ മൈതാനായിൽ പടയണിക്കോലങ്ങൾ കളം നിറയും. തെയ്യങ്ങൾ ഉറഞ്ഞു തുള്ളും. പൂരക്കളിയും തോറ്റംപാട്ടും മു‌ടിയേറ്റുമായി അനുഷ്‌ഠാനകലയുടെ പെരുമഴക്കാലം.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡി.ടി.പി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഉത്‌സവം 2020 ' പരിപാടിയിലാണ് കേരളീയ കലകളുടെ മഹോത്‌സവം.

22 മുതൽ 28 വരെ ഫോർട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും, എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിലുമാണ് പരിപാടി.

വിവിധ കലാരൂപങ്ങളുമായി 250 ലധികം കലാകാരൻമാർ ഉത്സവത്തിന് അണിനിരക്കും. തെയ്യാട്ട്, കോൽക്കളി, കൂടിയാട്ടം , തോൽപ്പാവക്കൂത്ത്, ചെമ്പാവെട്ടം, ഭദ്രകാളി കോലം, പടയണി, പൂരക്കളി, സീതക്കളി, പറയൻ തുള്ളൽ, തെയ്യം, കുറത്തിയാട്ടം, വില്ലുപാട്ട്, തോറ്റം പാട്ട്, ഗരുഡൻ പറവ, കാക്കരാശി നാടകം, മുടിയേറ്റ്, വട്ടമുടി വേല, കുമ്മാട്ടിക്കളി, കഥാപ്രസംഗം, നങ്ങ്യാർകൂത്ത്, നാടൻ പാട്ട് എന്നിങ്ങനെയുള്ള അനുഷ്ഠാന നാടോടി കലാരൂപങ്ങൾ അരങ്ങിലെത്തും.
വൈകിട്ട് ആറു മണിക്കാണ് പരിപാടി.പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് 0484- 2367334, 9847331200