മുളന്തുരുത്തി : വില കൂടിയ എം.ഡി.എം.എ മയക്കുമരുന്ന് വില്പനയെ കുറിച്ചുള്ള അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കുന്നു. പ്രധാന പ്രതി കുമ്മനോട് ഭണ്ഡാരക്കവല പാറേക്കാടൻ പി.ഇ അനസിനെയും,ഏജന്റ് ആലുവ തായ്ക്കാട്ടുകര കുന്നത്തേരി മീന്തരക്കൽ മുഹമ്മദ് മുഷ്താക്കിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. . നൈജീരിയൻ സ്വദേശിയാണ് എം.ഡി.എം.എ നൽകിയതെന്നാണ് അനസിന്റെ മൊഴി.പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. അനസ് എത്തിക്കുന്ന മയക്കു മരുന്ന് ഡി.ജെ പാർട്ടികൾക്കായാണ് കൈമാറുന്നതെന്ന് ഏജന്റ് മുഷ്താക്ക് മൊഴി നൽകിയിട്ടുണ്ട് .കേസന്വേഷണത്തിന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എടയ്ക്കാട്ടുവയലിൽ മൃഗാശുപത്രി ക്വാർട്ടേഴ്‌സിൽ നിന്നും 20 ഗ്രാം എം.ഡി.എം.എ യുമായി ഞായറാഴ്ച അനസിനെ പിടികൂടിയതോടെയാണ് ഗോവയിൽ തഴച്ചു വളരുന്ന മയക്കു മരുന്നുകളിലെ വില്ലൻ സംസ്ഥാനത്തേയ്ക്ക് വ്യാപകമായി എത്തുന്നതായി വിവരം ലഭിച്ചത്. വിദേശികൾക്കാണ് ഗോവയിൽ മരുന്നു വില്പന.ഇത്രയും വില കൂടിയ ലഹരി സ്വദേശികൾ ഉപയോഗിക്കുന്നത് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 28 ഗ്രാമാണ് ഇപ്രാവശ്യം അനസ് എത്തിച്ചത്. അതിൽ 20 ഗ്രാം ക്വാർട്ടേഴ്സിൽ നിന്നുംനാല് ഗ്രാം കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് ചന്ദ്രനിൽ നിന്നും പൊലീസ് പിടിച്ചെടുത്തു..
അനസിന്റെ ഭാര്യ എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറാണ്. ഇവരുടെ ക്വാർട്ടേഴ്സിലാണ് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ സൂക്ഷിച്ചിരുന്നത് .അന്താരാഷ്ട്ര മാർക്കറ്റിൽ കിലോഗ്രാമിന് 5 കോടിയിലേറെ വിലവരും. ഡിവൈ.എസ്.പി യെ കൂടാതെ സി.ഐ സി.വി. ലൈജുമോൻ, എസ്.ഐ എം.പി .എബി, എ.എസ്.ഐമാരായ ജോമോൻ തോമസ്, പി.കെ. കൃഷ്ണകുമാർ, ബിജു സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.