ആലുവ: ഭൂഗർഭ വൈദ്യുതി ജോലികൾക്കായി റോഡുകളിൽ എടുത്ത കുഴികളെല്ലാം അടിയന്തരമായി മൂടി സഞ്ചാരയോഗ്യമാക്കാൻ കെ.എസ്.ഇ.ബി, പൊതുമരാമത്ത്, നഗരസഭ അധികൃതരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇന്ന് രാത്രിയോടെ റോഡിലെ കുഴികളെല്ലാം മൂടുന്നതിനും ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന ജോലികൾ ശിവരാത്രിക്ക് ശേഷം തുടർന്നാൽ മതിയെന്നും തീരുമാനമായി.

ശിവരാത്രി പടിവാതിൽക്കലെത്തിയിട്ടും റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തത് വിവാദമായതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എയാണ് യോഗം വിളിച്ചത്. സീനത്ത് കവലമുതൽ കൊടവത്തു ബിൽഡിംഗ് വരെയുള്ള ഭാഗം, മാതാ മാധുര്യ മുതൽ സൈന ബേക്കറി വരെയുള്ള ഭാഗം, ഐ.എം.എ ജംഗ്ഷൻ മുതൽ ഗവണ്മെന്റ് ആശുപത്രി കവല വഴി മസ്ജിദ് വരെയുള്ള ഭാഗം എന്നിവിടങ്ങളിൽ കേബിളിടുന്ന പണികൾ ഉടനടി തീർക്കും. കേബിളിടുമ്പോൾ കുടിവെള്ള പൈപ്പു തകർന്ന് പട്ടേരിപ്പുറം ഭാഗത്ത് വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ ആശുപത്രി കവലയിലെ ചോർച്ച കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി, റോഡു കുഴിക്കുന്നതിന് പി.ഡബ്ലു.ഡി റോഡു വിഭാഗം അനുമതിനല്കണമെന്നും, വാട്ടർ അതോറിട്ടിനടപടി ഉടൻ തുടങ്ങണമെന്നും എം.എൽ.എ നിർദ്ദേശം നല്കി.

കെ.എസ്.ഇ.ബി 23 മുതൽ 25 വരെ പൈപ്പുകളിൽ കുടി കേബിളിടുന്ന ജോലി തീർക്കും. 29 മുതൽ മാർച്ച് 25 വരെ കേബിളുകൾ ട്രാൻസ്‌ഫോർമറുകളിലും പോസ്റ്റുകളും ബന്ധിപ്പിക്കുന്ന ജോലികളും തീർക്കും. മാർച്ച് 6,7 തീയതികളിൽ ബാക്കിയുള്ള മുഴുവൻ ജോലികളും തീർത്ത് റോഡുകൾ പൂർണ അറ്റകുറ്റപ്പണിക്കായി പി.ഡബ്ലിയു.ഡി റോഡ് വിഭാഗത്തെ ഏൽപ്പിക്കും.

കേബിളിടുന്നതുവായി ബന്ധപ്പെട്ട് വന്നിട്ടുള്ള മുഴുവൻ പരാതികൾക്കും കാരണം കെ.എസ്.ഇ.ബിയും കരാറുകാരനുമാണെന്നും എം.എൽ.എ ഇന്നലെ നടന്ന യോഗത്തിലും തുറന്നടിച്ചു.