കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി തുടങ്ങി. വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അദ്ധ്യക്ഷനായി. ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ്, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ.കെ.ദിനേഷ് എന്നിവർ സംസാരിച്ചു. കുഫോസ് വിജ്ഞാന വിഭാഗം ഡയറക്ടർ ഡോ.ഡെയ്‌സി കാപ്പന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകരാണ് പങ്കെടുക്കുന്നത്. ബയോഫ്ളോക്ക് , കൂട്, വളപ്പ് തുടങ്ങിയ മത്സ്യകൃഷി രീതികളിൽ പ്രായോഗിക പരിശീലനമാണ് പഠിതാക്കൾക്ക് നൽകുന്നത് .പരിപാടി വ്യാഴാഴ്ച സമാപിക്കും.