കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നു മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കൂടുതൽ വ്യക്തത വരുത്താൻ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലൻസ് അഭിഭാഷകൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

മുസ്ളിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ നോട്ടു നിരോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഫ്ളൈ ഒാവർ നിർമ്മാണത്തിലൂടെയും മറ്റും സമ്പാദിച്ച അനധികൃത പണമാണിതെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് വിജിലൻസിന്റെ വിശദീകരണം.

കള്ളപ്പണം വെളുപ്പിച്ച സംഭവം പാലാരിവട് അഴിമതി അന്വേഷിക്കുന്ന സംഘം അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ഇതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് ചുമതലയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇവരെ കക്ഷി ചേർത്തിരുന്നു.

ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമോയെന്ന് ചോദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജിലൻസിന് കത്തു നൽകിയിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജി മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.