1
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീ അണക്കാനുളള ശ്രമം

 തീ അണക്കാനുളള ശ്രമം തുടരുന്നു  ചൊവ്വാഴ്ച രണ്ടുമണിയോടെ തീപിടിച്ചു

തൃക്കാക്കര : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും വൻ തീപിടുത്തം.ഇന്നലെ രണ്ടുമണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടരുന്നത് പ്ലാന്റിലെ തൊഴിലാളികൾ കണ്ടത്. തൃക്കാക്കര ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വാഹനം എത്തിയെങ്കിലും ഫലമുണ്ടായില്ല. തൃപ്പൂണിത്തുറ,പട്ടിമറ്റം,ഗാന്ധിനഗർ,ക്ലബ് റോഡ് തുടങ്ങിയ അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളുമെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

രൂക്ഷമായ ദുർഗന്ധവും വിഷപ്പുകയും മൂലം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല. നാല്‌ ഹിറ്റാച്ചി ഉപയോഗിച്ച് തീ പിടിക്കാത്ത ഭാഗത്തെ മാലിന്യം നീക്കാനും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വെളുപ്പിനും ഇവിടെ തീപിടുത്തമുണ്ടായെങ്കിലും ഫയർഫോഴ്സ് അണച്ചതാണ്.

 പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല

തൃപ്പൂണിത്തുറ,കൊച്ചി ,ആലുവ,കളമശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷവും പ്ലാസ്റ്റിക്‌ മാലിന്യമല കത്തിയതാണ്. ദിവസേന എത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്‌ നഗര സഭയും,കരാറുകാരും.

 ഒന്നും പഠിക്കാതെ കോർപ്പറേഷൻ

ബ്രഹ്‌മപുരത്ത് തീ പിടുത്തമുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഫയർ ഫോഴ്‌സ് മൂന്ന് വർഷം മുമ്പ് നൽകിയ റിപ്പോർട്ടിൽ അടയിരിക്കുകയാണ് കൊച്ചി കോർപ്പറേഷൻ. മാലിന്യത്തിനിടയിലൂടെ ഫയർ ഫോഴ്സ് വാഹനം കൊണ്ടുപോകാൻ സൗകര്യമില്ല. ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചാൽ ചേർന്നൊഴുകുന്ന കടമ്പ്രയാറിൽ നിന്ന് വെള്ളം എടുക്കാനാകും. ഇതിനും ഫയർഫോഴ്സ് മൂന്നുവർഷം മുമ്പ് ശുപാർശ ചെയ്തിരുന്നു.