തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഇന്നലെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയിൽ കേരളാ,ശബരി, ജനശതാബ്ദി , അമൃതാ

എക്‌സ് പ്രസുകൾക്ക് പുതിയ സ്റ്റോപ്പും, ഒരു ഭാഗത്തേക്കു മാത്രം സ്റ്റോപ്പുള്ള മലബാർ, ജയന്തി ജനതാ എക്‌സ് പ്രസുകൾക്ക് ഇരു ഭാഗത്തേക്കും സ്റ്റോപ്പും അനുവദിക്കുക, പൊട്ടി പൊളിഞ്ഞ പ്ലാറ്റ്‌ഫോമുകൾ ടൈൽ വിരിക്കുക, പ്ലാറ്റ്‌ഫോമിൽ പൂർണ്ണമായും മേൽക്കൂര നിർമ്മിക്കുക ,പാർക്കിംഗ് മേഖലാ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റസിഡൻസ് അസോസിയേഷനടക്കമുള്ള സംഘടനകൾ എം.പിയ്ക്ക് നിവേദനം നൽകി.പദ്ധതികൾ റെയിൽവെയുമായി ചർച്ച ചെയ്തു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.പി പറഞ്ഞു.മുൻ മന്ത്രി കെ.ബാബു, കോൺഗ്രസ് നേതാക്കളായ എ.ബി സാബു, രാജു പി.നായർ, സി.വിനോദ്, റെയിൽവെ ചീഫ് കൊമേഴ്‌സ്യൽ ഇൻസ്പക്ടർ പി.എൻ ചന്ദ്രശേഖരൻ, സ്റ്റേഷൻ മാനേജർ തുടങ്ങിയവർ എം.പിക്കൊപ്പമുണ്ടായിരുന്നു.

തൃപ്പൂണിത്തുറയിൽ പ്രതിമാസം ഒരു കോടി പതിനേഴു ലക്ഷം രൂപാ വരുമാനവും ഒരു ലക്ഷത്തിനടുത്ത് യാത്രക്കാരുമുണ്ട്.പാർക്കിംഗ് ഇനത്തിൽ മാത്രം രണ്ടു ലക്ഷത്തോളം രൂപ ലഭിക്കുന്നുണ്ട്. എന്നാലും തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന് ആവശ്യമായ വികസനം ഇനിയും ഉണ്ടായിട്ടില്ല.