police

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിനാണ് അന്വേഷണ ചുമതല. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.

പരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്‌ടർ എസ്.സുഹാസിന് പരാതി നൽകിയിരുന്നു. ഇത് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്‌ക്ക് കൈമാറിയതോടെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.

പരിപാടിയുടെ രക്ഷാധികാരിയായി തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ കളക്‌ടർ കഴിഞ്ഞ ദിവസം മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹി ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു. ഇനി ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, വിശദീകരണക്കുറിപ്പ് തയ്യാറാക്കിയപ്പോൾ ക്‌ളറിക്കൽ പിഴവ് സംഭവിച്ചതാണെന്നായിരുന്നു ബിജിബാലിന്റെ വിശദീകരണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കേസ് കൊടുക്കാമെന്നും നിയമപരമായി ആവശ്യപ്പെടുമ്പോൾ മാത്രമേ കണക്ക് നൽകാനാകൂയെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യർ കളക്‌ടർക്ക് പരാതി നൽകിയത്. ഹൈബി ഈഡൻ എം.പിയും വി.ടി.ബൽറാം എം.എൽ.എയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

പരിപാടിക്ക് സ്‌റ്റേഡിയം സൗജന്യമായി നൽകിയ റീജിയണൽ സ്‌പോർട്സ് സെന്റർ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന് ചോദിച്ച് ജനുവരി മൂന്നിന് മ്യൂസിക് ഫൗണ്ടേഷന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സെക്രട്ടറി നവാസ് വ്യക്തമാക്കി.