കൊച്ചി: കൊച്ചി നഗരത്തിലെ സ്വീവേജ് മാലിന്യ സംസ്കരണം വലിയ തലവേദനയാണെന്നും സ്ഥല പരിമിതി മൂലം ഇതു ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് പി. തമ്പി നൽകിയ ഹർജിയിൽ അമിക്കസ് ക്യൂറി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്. മറൈൻഡ്രൈവിലെ പാർപ്പിട സമുച്ചയങ്ങളിൽ നിന്നുള്ള സ്വീവേജ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

 റിപ്പോർട്ടിൽ നിന്ന്

നഗരത്തിൽ സ്വീവേജ് മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് വേണം

നിലവിൽ എളംകുളത്ത് വാട്ടർ അതോറിറ്റിയുടെ പ്ളാന്റാണ് ഉള്ളത്

നഗര ജനസംഖ്യയിലെ ആറു ശതമാനത്തിന്റെ മാലിന്യങ്ങൾ മാത്രമാണ് ഇവിടെ സംസ്കരിക്കുന്നത്

സെൻട്രൽ സ്വീവേജ് പൈപ്പ് ലൈനുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ പ്ളാന്റ് നിലവിലെ ശേഷിക്ക് അനുസരിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല

ആധുനിക സ്വീവേജ് പ്ളാന്റ് സ്ഥാപിക്കാൻ എളംകുളത്ത് വാട്ടർ അതോറിറ്റിക്ക് സ്ഥലമുണ്ട്

സർക്കാരും നഗരസഭയും ഇക്കാര്യം ശ്രദ്ധിക്കണം

പാർപ്പിട സമുച്ചയത്തിലെ പ്ളാന്റ് കാര്യക്ഷമമല്ല

മറൈൻ ഡ്രൈവിലെ പാർപ്പിട സമുച്ചയത്തിന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഉണ്ടെങ്കിലും ഇതു കാര്യക്ഷമമല്ലെന്ന് അമിക്കസ് ക്യൂറി പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മലിനജലം ശുദ്ധീകരിച്ച് കായലിലേക്ക് ഒഴുക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകാറുണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ ബോർഡിന്റെ അനുമതിയോ ലൈസൻസോ ഇല്ല. കായലിലേക്കുള്ള മലിന ജലത്തിന്റെ ഒഴുക്കു തടയാനെന്നപേരിൽ മഴവെള്ളം ഒഴുക്കാനുള്ള കാനകൾ പോലും നഗരസഭ അടച്ചെന്ന് പരാതിയുണ്ട്. പാർപ്പിട സമുച്ചയത്തിലെയും ജി.സി.ഡി.എയുടെയും സ്വീവേജ് പ്ളാന്റുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് അംഗീകൃത ലാബിന്റെ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.