രണ്ടാം ഘട്ട സമരം ഇന്ന്
പരിഹാരം കണ്ടില്ലെങ്കിൽ വോട്ട് ബഹിഷ്ക്കരണം
പള്ളുരുത്തി: ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ കമ്പനിപ്പടിയിൽ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ചെല്ലാനം ബസാറിൽ പുതിയൊരു സമരപന്തൽ കൂടി ഉയർത്തി. 20 മുതൽ സമരം ആരംഭിക്കും.രാവിലെ 8ന് ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ ഉദ്ഘാടനം ചെയ്യും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്തിന്റെ വിവിധ മേഖലകളിൽ സമര യൂണിറ്റുകൾ രൂപീകരിച്ചു.കഴിഞ്ഞ 114 ദിവസങ്ങളായി സമരം നടത്തിയിട്ടും സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. ചെല്ലാനം ജനകീയവേദി എന്ന പേരിലാണ് സമരം നടത്തുന്നത്.
തീരസുരക്ഷ ഇല്ലാത്ത ചെല്ലാനത്തു നിന്ന് തീരദേശ വാസികളെ കുടി ഒഴിപ്പിക്കാനാണ് അധികാരികൾക്ക് താൽപര്യം. കടൽഭിത്തി നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാത്ത പക്ഷം മഴക്കാലത്തുണ്ടാകുന്ന ദുരിതങ്ങൾക്ക് സർക്കാർ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇനിയുള്ള തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനും സമരക്കാർ തീരുമാനിച്ചു. മറിയാമ്മ ജോർജ്, പി.ജെ.ജോൺസൺ, ഷൈല ജോസഫ്, സി.സി ജോസി തുടങ്ങിയവർ സംബന്ധിച്ചു.
വാഗ്ദാനങ്ങളെല്ലാം പേപ്പറിലൊതുങ്ങി
പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികാരികൾ നൽകിയ വാഗ്ദാനം വെള്ളത്തിൽ വരച്ചവരയായി മാറി.മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മന്ത്രിമാർ തുടങ്ങിയവർക്കും നിവേദനങ്ങൾ നൽകിയിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. 2018 ഏപ്രിൽ 30നകം ജോലികൾ മുഴുവനായും പൂർത്തിയാക്കുമെന്നാണ് സർക്കാർ അവസാനം നൽകിയ വാഗ്ദാനം.
ജിയോ ട്യൂബ് സ്വാഹ
120 ട്യൂബുകൾ സ്ഥാപിക്കണം
8 എണ്ണം മാത്രമാണ് പൂർത്തീകരിച്ചത്
ഇതിന്റെ കരാർ നീട്ടികൊണ്ടു പോയി
ഒടുവിൽ സർക്കാർ റദ്ദ് ചെയ്യുകയും ചെയ്തു