nedumkandam

കൊച്ചി: നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സി.ബി.ഐ അറസ്‌റ്റു ചെയ്‌തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ സി.ബി.റെജിമോൻ,അസി. സബ് ഇൻസ്‌പെക്ടർ റോയി പി. വർഗീസ്, പൊലീസ് ഡ്രൈവർമാരായ എസ്.നിയാസ്, സജീവ് ആന്റണി, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോംഗാർഡ് കെ.എം.ജെയിംസ് എന്നിവരാണ് അറസ്‌റ്റിലായത്. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് രണ്ടു വരെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെ മുൻ എസ്.ഐയായിരുന്ന കെ.എ.സാബു അറസ്‌റ്റിലായിരുന്നു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അറസ്‌റ്റു ചെയ്‌ത നടപടിയിലെ നിയമപ്രശ്‌നം പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉയർത്തി. കേസിൽ ഇവർക്കു നേരത്തെ ലഭിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയില്ലെന്നായിരുന്നു വാദം. എന്നാൽ എസ്‌.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ മറ്റു പ്രതികളുടെ ജാമ്യവും റദ്ദാക്കുന്നതായി പറയുന്നുണ്ടെന്നാണ് സി.ബി.ഐയുടെ മറുവാദം. ഈ നിയമപ്രശ്നം കോടതി അടുത്ത ദിവസം പരിഗണിക്കും.

ഒന്നാം പ്രതി എസ്‌.ഐ കെ.എ.സാബുവിന്റെ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ കഴിഞ്ഞ ദിവസം ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

സാമ്പത്തിക തട്ടിപ്പു കേസിൽ 2019 ജൂൺ 12നാണു രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 15നു അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി റിമാൻഡ് ചെയ്‌ത രാജ്കുമാർ 21 ന് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണോയെന്നു കണ്ടെത്താനാണ് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.