കൊച്ചി : തീനാളങ്ങൾ തത്കാലം കെട്ടടങ്ങിയെങ്കിലും ചൂടിന് തീവ്രത കൂടുന്ന സാഹചര്യത്തിൽ ബ്രഹ്മപുരത്ത് വീണ്ടും അഗ്നിബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വർഷം അഞ്ചു തവണ പ്ളാന്റിലെ പ്ളാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ഈ വർഷത്തെ ആദ്യ തീപിടിത്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മല പോലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ ഏതു സമയത്തും തീ പിടിത്ത സാധ്യതയുണ്ട്. അതീവ സുരക്ഷ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുതനിലയം, സ്മാർട്ട് സിറ്റി , ഇൻഫോപാർക്ക് ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങൾ പ്ളാന്റിന്റെ സമീപത്താണെന്നുള്ളത് ആശങ്കയിരട്ടിപ്പിക്കുന്നു

# ഭീഷണിയായി പ്ളാസ്റ്റിക് ബോംബ്

പ്ളാസ്റ്റിക് നിരോധനം പ്രാബല്യത്തിലായെങ്കിലും പ്ളാന്റിലെ അജൈവമാലിന്യ ഒഴുക്കിന് ഒട്ടും കുറവില്ല. പ്ളാസ്റ്റിക് കവറുകളിലാക്കി ആളുകൾ നിരത്തിലേക്ക് വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ബ്രഹ്മപുരത്തേക്കാണ് എത്തുന്നത്. ഇത് കുമിഞ്ഞുകൂടുന്നതോടെ അവിടെ മീഥൈനിന്റെ സാന്നിദ്ധ്യമുണ്ടാവും.ഇത് തീ അതിവേഗം പടരാനുള്ള സാഹചര്യം ഉണ്ടാക്കും.

# നിർദേശങ്ങൾ പാലിച്ചില്ല

അടിക്കടിയുള്ള തീപിടിത്തത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അഗ്നിബാധയുടെ തുടർച്ചയായി പുകപടലങ്ങൾ നഗരത്തിലേക്ക് എത്തിയതോടെ ഹരിത ട്രിബ്യൂണൽ രംഗത്തെത്തി.

തീപിടിത്ത സാധ്യത മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാന്റിൽ താൽക്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കുക, തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കുക, മാലിന്യ മലയ്ക്ക് ഇടയിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കുക, മാലിന്യത്തിൽ നിന്നൂറി വരുന്ന ജലം സംസ്കരിക്കുന്നതിനായി ലീച്ചറ്റ് പ്ളാന്റ് സ്ഥാപിക്കുക, സി.സി.ടി.വി കാമറകൾ വയ്ക്കുക, സുരക്ഷ ശക്തമാക്കുക എന്നിങ്ങനെ നിരവധി നിർദേശങ്ങൾ നൽകി.

.

# 28 ന് നിർണായക യോഗം ഡൽഹിയിൽ

28 ന് ഡൽഹിയിൽ നടക്കുന്ന ഹരിത ട്രിബ്യൂണലിന്റെ സിറ്റിംഗിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രൈബ്യൂണലിന്റെ സംസ്ഥാന ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള പ്ളാന്റ് സന്ദർശിച്ചിരുന്നു. മാലിന്യ കൂമ്പാരത്തിനിടയിലൂടെ റോഡ് വെട്ടിയതൊഴിച്ചാൽ തീ പിടിത്തത്തെ പ്രതിരോധിക്കാൻ കാര്യമായൊന്നും ചെയ്യാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് എ.വി. രാമകൃഷ്ണപിള്ള കുറ്റപ്പെടുത്തി.

# നഗരസഭയുടെ തട്ടാമുട്ടികൾ

കാമറകൾ സ്ഥാപിച്ചു, പക്ഷേ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പില്ല.

വെള്ളം ശേഖരിക്കാനുള്ള ടാങ്കിന് വേണ്ടി ടെൻഡറിംഗ് ജോലികൾ നടക്കുന്നു,

എല്ലാ ദിവസവും മാലിന്യം നനയ്ക്കുന്നതിനായി മോട്ടോർപമ്പും ഹോസും വാങ്ങിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

താൻ അവിടെ പമ്പൊന്നും കണ്ടില്ലെന്ന് ജസ്റ്റിസ് പറയുന്നു

ഡൽഹി സിറ്റിംഗിൽ ഹാജരാകണമെന്ന് നഗരകാര്യ സെക്രട്ടറിക്ക് നിർദേശം നൽകിയിടടുണ്ട്. അതിന് മുമ്പ് താനും ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് പറഞ്ഞു.