കൊച്ചി : ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിലെ ഉപകരണങ്ങളുടെ ഘടനാപരമായ സ്ഥിരതയും സുരക്ഷയും നഗരസഭാ, പൊതുമരാമത്ത് എൻജിനീയർമാർ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അമ്യൂസ്മെന്റ് പാർക്കിന് ഇതിനുശേഷമേ അനുമതി നൽകാവൂ എന്നും ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. ആലുവ മണപ്പുറത്ത് ആഘോഷങ്ങളുടെ ഭാഗമായി മരണക്കിണർ, ജയിന്റ് വീൽ, ഡ്രാഗൺ ട്രെയിൻ, ഫിഷർ റൈഡ് തുടങ്ങിയവ ഉൾപ്പെടുത്തി താത്കാലിക അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകുന്നതു തടയണമെന്നാവശ്യപ്പെട്ട് ആലുവ തോട്ടുമുഖം സ്വദേശി എം.എൻ. ഗിരീഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി അമ്യൂസ്മെന്റ് പാർക്കുകൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ ഇനിയും അന്തിമമാക്കിയിട്ടില്ലെന്നും അതുവരെ ഇത്തരം പാർക്കുകളിൽ സുരക്ഷയും വിവിധ റൈഡുകളുടെ ഭാരശേഷിയും ഘടനാപരമായ സ്ഥിരതയും ഉറപ്പാക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. എന്നാൽ നഗരസഭയുടെ എൻജിനീയർമാർക്ക് സിവിൽ ജോലികളിൽ മാത്രമാണ് പ്രാവീണ്യമുള്ളതെന്നും സുരക്ഷാ പരിശോധനകൾക്ക് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരെക്കൂടി നിയോഗിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇതിൽ അപകാതയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഇരുവിഭാഗങ്ങളും ഉൾപ്പെട്ട സമിതി സുരക്ഷാകാര്യങ്ങൾ പരിശോധിക്കാനാണ് ഉത്തരവിട്ടത്.