കൊച്ചി : ആദ്യം രാസലഹരി മരുന്നുകൾ ചെറു പൊതികളാക്കും. ബാഗിൽ കുപ്പിവെള്ളം വയ്ക്കാനുള്ള പൗച്ചിൽ ഇവ വയ്ക്കുകയാണ് രണ്ടാം ഘട്ടം. ഇതിന് മുകളിലേക്ക് കൈയിലുള്ള കുപ്പിവെള്ളം കൂടി വച്ചാൽ മാത്രം മതി, എത്ര ലക്ഷം രൂപ വിലയുള്ള രാസലഹരിയും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കേരളത്തിൽ എത്തിക്കാം ! മുളന്തുരുത്തി ലഹരിക്കേസിൽ പിടിയിലായ പട്ടിമറ്റം കുമ്മനോട് പി.ഇ.അനസിന്റെ (30) മൊഴി കേട്ട് പൊലീസ് ഞെട്ടി. സിംപൾ ടെക്‌നിക്ക് ഉപയോഗിച്ചാണ് അനസ് ഇത്രകാലം കേരളത്തിലേക്ക് ലഹരി കടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കണക്കുകൂട്ടലുകൾ പിഴച്ചു. മുളന്തുരുത്തി പൊലീസിന്റെ പിടിവീണു. ബംഗളൂരിൽ നിന്നാണ് അനസ് ലഹരി മരുന്നുകൾ ഏറെയും എത്തിക്കുന്നത്.
വിമാനത്തിൽ പറക്കും
ബസിൽ തിരിച്ചെത്തും
പൈനാപ്പിൾ ലോറി ഡ്രൈവറാണ് അനസ്. എന്നാൽ, അടുത്തൊന്നും ഇയാൾ ജോലിക്ക് പോയിട്ടില്ല. കടത്തിക്കൊണ്ടുവരുന്ന ലഹരി വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചായിരുന്നു ജീവിതം അടിച്ചുപൊളിച്ചിരുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ നിന്നാണ് ഇയാൾ ബംഗളൂരുവിലേക്ക് പറക്കുന്നത്. തിരിച്ച് വരുന്നത് ബസിലും. ലഹരി മരുന്നുമായി മടങ്ങുന്നതിനാലാണ് തിരിച്ച് വരവിന് ബസുകളെ ആശ്രയിക്കുന്നത്. പരിശോധന കുറവാണെന്നതും മറ്റൊരു കാര്യം. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശികളിൽ നിന്നാണ് ലഹരി മരുന്നുകൾ വാങ്ങുന്നതെന്നാണ് അനസ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ,മലയാളിയിൽ നിന്നാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിരവധിപ്പേർ അനസിൽ നിന്നും ലഹരി വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരു കൈയടക്കി
ആഫ്രിക്കൻ സംഘങ്ങൾ
പലയിടങ്ങളിലായി തമ്പടിച്ചിട്ടുള്ള ആഫ്രിക്കൻ സംഘങ്ങൾ ബംഗളൂരു പൊലീസിന്റെ തലവേദനയാണ്. ലഹരി കടത്തും ക്വട്ടേഷനുകളിലൂടെയുമാണ് ഇത്തരം സംഘങ്ങൾ പണം കണ്ടെത്തുന്നത്. ഇന്ന് ഉന്നത സ്വാധീനവും ഇവർക്കുണ്ട്. കേരളത്തിലേക്ക് ഒഴുകുന്ന രാസ ലഹരികളുടെ ഉറവിടം ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളെന്ന് നേരത്തെ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കൻ സെറ്റിൽമെന്റുകളിൽ തന്നെയാണ് രാസ ലഹരിമരുന്നുകൾ നിർമ്മിക്കുന്നതെന്നാണ് സൂചന. കൊച്ചിയിൽ നേരത്തെ രാസലഹരിയുമായി പിടിയിലായവരിൽ പലർക്കും മയക്കുമരുന്ന് ലഭിച്ചത് ബംഗളൂരും ഗോവയിലും താമസമാക്കിയ ആഫ്രിക്കൻ വംശജരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവർക്കായി അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും മുഖ്യ ഇടപാടുകാരെയോ ആഫ്രിക്കൻ വംശജരെയോ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിച്ചില്ല. അതേസമയം, മുളന്തുരുത്തി ലഹരി കേസിൽ ബംഗളൂരിൽ നേരിട്ടെത്തി അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.
ലഹരി സൂക്ഷിപ്പ് ക്വാർട്ടേഴ്സിൽ
എടയ്ക്കാട്ടുവയൽ മൃഗാശുപത്രി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറാണ് അനസിന്റെ ഭാര്യ. വർഷങ്ങളായി ഇവർ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കടത്തിക്കൊണ്ടുവരുന്ന ലഹരി ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ക്വാർട്ടേഴ്‌സിലെ സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്ന ഫയലുകൾക്കിടയിൽ നിന്നാണ് വിൽപനയ്ക്കായി അനസ് കൊണ്ടുവന്ന എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. 12 പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. അനസിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശൃംഖലയിലെ കൂടുതൽ പേർ പിടിയിലായത്. കുമ്മനോട് തുരുത്തുമാരിൽ ബിനു പൗലോസ് (34), ആലുവ തയ്ക്കാട്ടുകര കുന്നത്തേരി മീന്തരക്കൽ മുഹമ്മദ് മുഷ്താഖ് (22), കുമ്മനോട് നെടുവേലിൽ അനൂപ് ചന്ദ്രൻ (20), വെങ്ങോല പനയഞ്ചേരിൽ ദിലീപ്കുമാർ (34) എന്നിവരാണ് പിടിയിലായത്. എല്ലാവരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരും ഇടനിലക്കാരുമാണ്. മുഷ്താഖാണ് പ്രധാന ഏജന്റ്. നവമാദ്ധ്യമങ്ങളിലൂടെയാണ് വിൽപന. അനസ് ഒന്നിലധികം ഏജന്റുമാർക്ക് എം.ഡി.എം.എ എത്തിച്ചു കൊടുത്തിരുന്നതായാണ് വിവരം. 25,000 രൂപ വരെ എജന്റുമാരിൽ നിന്ന് അനസിനു ലഭിക്കാറുണ്ടെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു ലക്ഷങ്ങൾ എത്താറുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുവാറ്റുപുഴ ഡിവൈ.എസ്.പി കെ.അനിൽകുമാർ, സിഐ സി.വി.ലൈജുമോൻ, എസ്‌ഐ എം.പി.എബി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ രാജു, വിനോദ്, എ.എസ്.ഐമാരായ ജിജോമോൻ തോമസ്, ടി.കെ.കൃഷ്ണകുമാർ, രാജേഷ്, ബിജു സ്‌കറിയ, സുനിൽ സാമുവൽ, സിവിൽ പൊലീസ് ഓഫിസർമാരായ ജോസ് കെ.ഫിലിപ്, കുര്യാക്കോസ്, കാർത്തികേയൻ, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.