വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ കുടിനീരില്ലാതെ പലയിടത്തും നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ വാച്ചാക്കൽ പടിഞ്ഞാറ് പതിമൂന്നാം വാർഡിൽ പൈപ്പുപൊട്ടി കുടിനീർ പാഴാകുന്നു. വാട്ടർ അതോറിട്ടി അധികൃതരാകട്ടെ ഇതൊന്നും കണ്ടമട്ട് നടിക്കുന്നില്ല. ട്രാൻസ്‌ഫോർമർ റോഡിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ലിങ്ക് റോഡിലൂടെ പോയിട്ടുള്ള പൈപ്പുലൈനാണ് പൊട്ടിയിട്ടുള്ളത്. കഴിഞ്ഞ നാലുമാസമായി ഇതാണ് അവസ്ഥ. റോഡിൽ വെള്ളംകെട്ടിക്കിടന്ന് കുഴമ്പുപരുവമാണ്. കാൽനടയാത്രപോലും അസാദ്ധ്യമാണ്. പഞ്ചായത്തിനെ അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിട്ടി കരാറുപണിക്കാരൻ സ്ഥലത്തുവന്ന് നോക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ല.