കൊച്ചി: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് കാസർഗോഡ് നിന്നുമാരംഭിച്ച കെട്ടിട നിർമാണ തൊഴിലാളി അവകാശ സംരക്ഷണ സമരപ്രഖ്യാപന വാഹന പ്രചാരണ ജാഥ ഇന്ന് ജില്ലയിലെത്തും. മൂന്നുദിവസങ്ങളിലായി ജില്ലയിലെ 46 സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അങ്കമാലിയിൽ ഇന്ന് നടക്കുന്ന പര്യടനം രാവിലെ ഒമ്പതിന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നായരമ്പലത്ത് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്യും. 23 ന് ചെല്ലാനത്ത് നിന്നും ആരംഭിക്കുന്ന പര്യടനം രാവിലെ ഒമ്പതിന് മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷനും വൈകിട്ട് 6.30ന് കാഞ്ഞിരമറ്റത്ത് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി കെ.ബാബുവും ഉദ്ഘാടനം ചെയ്യും. 24 ന് രാവിലെ ഒമ്പതിന് വടുതലയിൽ നിന്നും ആരംഭിക്കുന്ന പര്യടനത്തിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എയും വൈകിട്ട് കോതമംഗലം കോട്ടപ്പടിയിൽ നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പിയും ഉദ്ഘാടനം ചെയ്യും.

തൊഴിലാളികളുടെ മിനിമം പെൻഷൻ 5000 രൂപയാക്കുക, സെസ് കുടിശിക 12000 കോടി രൂപ ഉടൻ പിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ ജാഥ നടത്തുന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എക്‌സ് സേവ്യർ, വർക്കിംഗ് പ്രസിഡന്റ് വി.ജെ പൈലി, ജനറൽ സെക്രട്ടറിമാരായ സനിൽ നേടിയതറ, പി.ജെ ഫ്രാങ്കൻ, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. സച്ചിൻ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.