കൊച്ചി: കേരള സാഹിത്യമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 9.30 മുതൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ മഹാഭാരതവിചാരം സംഘടിപ്പിക്കും. വിവിധ പ്രഭാഷകർ മഹാഭാരതത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ പങ്കുവയ്ക്കും. രാവിലെ 9.30ന് മഹാഭാരതം ഇന്ന് നാളെ ഇന്നലെ എന്ന വിഷയത്തിൽ ഡോ. കെ.ജി പൗലോസ്, ഡോ. കെ.എസ് രാധാകൃഷ്ണൻ, ഡോ ലക്ഷ്മി ശങ്കർ എന്നിവർ സംസാരിക്കും. തുടർന്ന് ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം, ഭാരതപര്യടനം എന്നീ ഗ്രന്ഥങ്ങളെ കുറിച്ച് കുമാരി രാമചന്ദ്രൻ, കെ.പി അജിത്കുമാർ, ഡോ. ജോത്സന എന്നിവർ സംസാരിക്കും. സാഹിത്യകാരൻ കെ.എൽ മോഹനവർമ്മ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മഹാഭാരതം ആസ്പദമാക്കി പ്രസാദ് തൃപ്പൂണിത്തുറയുടെ സോപാന സംഗീതവും ഉഷാ എവിടിയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരയും അരങ്ങേറും. കെ.എം മോഹനവർമ്മ, കെ.എ ഉണ്ണിത്താൻ, ഇ.കെ മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.