പറവൂർ : ബില്ലുകൾ മാറിക്കിട്ടാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി കരാറുകാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വി.ഡി. സതീശൻ എം.എൽ.എ ഇന്നലെ ധനകാര്യ, ജലവിഭവ വകുപ്പ് മന്ത്രിമാരുമായി സംസാരിച്ചാണ് ധാരണയിലെത്തിയത്. ഇതനുസരിച്ച് കരാറുകാരുടെ ബില്ലുകൾ ബാങ്കുകൾ വഴി ഡിസ്കൗണ്ട് ചെയ്യും. ബാങ്കുകൾക്ക് നൽകേണ്ട പലിശയുടെ പകുതിഭാഗം സർക്കാരും പകുതിഭാഗം കരാറുകാരും വഹിക്കും. രണ്ടര വർഷക്കാലമായി സർക്കാരിൽ നിന്ന് ബില്ലുകളാന്നും മാറികിട്ടാത്ത സാഹചര്യത്തിലാണ് കരാറുകാർ സമരം ആരംഭിച്ചത്. അതിനിടയിൽ പറവൂരിൽ പൈപ്പുപൊട്ടി കോട്ടുവള്ളി, ഏഴിക്കര ഭാഗത്തേക്കുള്ള കുടിവെള്ളം മുടങ്ങിയിരുന്നു. സമരം ഒത്തുതീർക്കാൻ മുൻകൈയെടുക്കാമെന്ന് എം.എൽ.എ നൽകിയ ഉറപ്പിൽ കരാറുകാർ തൊഴിലാളികളെ വിട്ടുനൽകി കേടായ പൈപ്പുകൾ നന്നാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിച്ചിരുന്നു.