കോലഞ്ചേരി: നവമാദ്ധ്യമങ്ങൾ വഴിയെത്തുന്ന വിദേശ ഗെയിമുകൾ അനുകരിക്കുനുള്ള കുട്ടികളുടെ ശ്രമത്തെ വേരോടെ പിഴുതെറിയണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. നേരത്തെ ബ്ളൂ വെയിൽ ഗെയിമാണ് രക്ഷിതാക്കളുടെ ഉറക്കം കെടുത്തിയതെങ്കിൽ ഇപ്പോൾ സ്കൾ ബ്രേക്കറാണ് പ്രചാരത്തിൽ. ജീവൻ പണയംവയ്ക്കുന്ന ഏർപ്പാടാണിതെന്ന് പൊലീസ് പറയുന്നു.പുറംനാടുകളിൽ വൈറലായ സ്‌കൾ ബ്രേക്കർ ഇവിടെയും വ്യാപിക്കുന്നുണ്ട്.
എന്താണ് സ്കൾ ബ്രേക്കർ
മൂന്നു പേർ ഗെയിമിൽ വേണം. രണ്ടു പേർ ചേർന്ന് മൂന്നാമനെ ക്ഷണിക്കും. ഒരേ നിരയിൽ മൂന്നുപേരും ഒന്നിച്ച് മുകളിലേക്ക് ചാടും. മദ്ധ്യത്തിൽ നിൽക്കുന്നവനെ ഇരുവശത്തും നിൽക്കുന്നവർ തട്ടിവീഴ്ത്തും. വീഴും മുമ്പ് കൈകൊണ്ട് പിടിക്കണമെന്നാണ് ധാരണ. സാധിക്കാതെ വീണാൽ തലയുടെ പിറകുവശവും നടുവും ഇടിച്ചാകും വീഴ്ച.
രസകരമായി തോന്നി,കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിച്ചനിരവധി പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
പൊലീസ് മുന്നറിയിപ്പ്
തലയോട്ടിയിലെ എല്ലുകൾ പൊട്ടി തലച്ചോറിന് ക്ഷതം പറ്റാം. രക്തസ്രാവമുണ്ടാകാം. വീണുകിടക്കുന്നയാളെ അശ്രദ്ധയോടെ വലിച്ചെടുത്താൽ കൂടുതൽ അപകടകരമാകും. കാൽമുട്ട്, കണങ്കാൽ, ഇടുപ്പ് തുടങ്ങിയ സന്ധികൾ ഒടിയാം.
ഡോ.വിനീത് എം.ബി ,എം.എസ് ഓർത്തോ, ഓർത്തോപീഡിക് സർജൻ, റീ.ജെൻ കെയർ വെണ്ണല
ഗെയിമിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഇതിന്റെ അപകടം സാധ്യത അറിയണമെന്നില്ല. പരിക്കേൽക്കുന്ന കുട്ടിക്കും കൂട്ടുകാർക്കും ദീർഘനാൾ ശാരീരിക മാനസിക പ്രശ്നങ്ങൾക്കും വഴിവെക്കുന്നതാണ് സ്കൾ ബ്രേക്കർ.
ഡോ.നീതു സുകുമാരൻ എം.ഡി, ഡി.എൻ.ബി