കൊച്ചി : തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ അബ്ദുൾ സത്താർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഫസലിനെ കൊന്നതു തങ്ങളാണെന്ന് ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്താർ ഹൈക്കോടതിയെ സമീപിച്ചത്.
2006 ഒക്ടോബർ 22 നാണ് പത്രവിതരണത്തിനുപോയ ഫസൽ തലശേരി സെയ്ദാർ പള്ളിക്കു സമീപത്തുവച്ച് വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത്. സി.ബി.ഐ സംഘം സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു പേർക്കെതിരെ കുറ്റപത്രം നൽകി. സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
പിന്നീട് 2016 ൽ കൂത്തുപറമ്പിലെ സി.പി.എം പ്രവർത്തകനായ മോഹനനെ വധിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് കണ്ണവം സ്വദേശിയായ സി.പി.എം പ്രവർത്തകൻ പവിത്രനെയും തലശേരി സ്വദേശി ഫസലിനെയും കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന് പൊലീസിൽ കുറ്റ സമ്മതം നടത്തി. ഇതു വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് ദൃശ്യങ്ങളും രേഖകളും ഡി.ജി.പി മുഖേന സി.ബി.ഐ ഡയറക്ടർക്ക് കൈമാറി. ഇവയ്ക്ക് കടലാസിന്റെ വിലപോലുമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.
സംഭവ സമയത്ത് തലശേരിയിൽ ആർ.എസ്.എസ് - എൻ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നെന്നും ഇക്കാര്യം അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. തുടരന്വേഷണം വേണമെന്ന നിലപാടാണ് പൊലീസും സ്വീകരിച്ചത്.