കൊച്ചി : നഗരത്തിൽ വഴിയോരക്കച്ചവടം അനുവദിക്കാവുന്നതും പാടില്ലാത്തതുമായ സ്ഥലങ്ങൾ കൃത്യം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി നഗരസഭയിലെ ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനം ട്രാഫിക് പൊലീസിനെ അറിയിക്കണമെന്നും ടൗൺ വെൻഡിംഗ് കമ്മിറ്റി ഫെബ്രു. 26 നകം യോഗം ചേരണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
നഗരത്തിലെ വഴിയോരക്കച്ചവടം ഒഴിവാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പനമ്പിള്ളിനഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജി ഫെബ്രുവരി 27 ന് വീണ്ടും പരിഗണിക്കും.
നിർദ്ദേശങ്ങൾ :
എവിടെയൊക്കെ അനുവദിക്കരുതെന്ന കാര്യത്തിൽ തീരുമാനമെടുത്താൽ കാര്യങ്ങൾ എളുപ്പമാകും.
തിരക്കുള്ള സ്ഥലങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയവയുടെ സമീപം വഴിയോര കച്ചവടം പാടില്ല.
ഇവ അനുവദിക്കുമ്പോൾ ഫുട് പാത്തുകൾ കൈയേറുന്നില്ലെന്ന് ഒഴിവാക്കണം.
എവിടെയൊക്കെ ആകാമെന്ന് റിപ്പോർട്ട് ലഭിച്ചാൽ ട്രാഫിക് കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം.
കൗൺസിലർമാർ തയ്യാറാക്കിയ കച്ചവടക്കാരുടെ ലിസ്റ്റിൽ ഇരട്ടിപ്പ് ഉണ്ടോയെന്ന് പരിശോധിച്ച് ഒഴിവാക്കണം.
കേരള സ്ട്രീറ്റ് വെൻഡേഴ്സ് ആക്ടിന്റെ ചുരുക്കം പത്തു ദിവസത്തിനുള്ളിൽ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം.