kappal
വെസ്റ്റർഡാം കപ്പലിലെ യാത്രക്കാർ കംബോഡിയൻ തുറമുഖത്ത്

കൊച്ചി: കംബോഡിയയിൽ അടുപ്പിച്ച വെസ്റ്റർഡാം കപ്പലിലിൽ കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ സഞ്ചാരികൾ സ്വദേശത്തേയ്ക്ക് മടങ്ങി. ഇന്ത്യക്കാർ ജോലി ചെയ്യുന്ന കപ്പലിലെ 19 ദിവസം നീണ്ട ഭീതിയാണ് ഇതോടെ ഒഴിഞ്ഞത്.

വെസ്റ്റർഡാം കപ്പലിൽ നിന്നിറങ്ങിയ അമേരിക്കക്കാരിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നു പ്രചരിച്ചതാണ് വിനയായത്. യാത്രക്കാരുമായി നേരിട്ട് ഇടപെട്ടവർ ഭീതിയിലായെന്ന് വെസ്റ്റർഡാം എക്‌സിക്യൂട്ടീവ് ഷെഫ് മലയാളിയായ ബിറ്റാ കുരുവിള പറഞ്ഞു. വെസ്റ്റർഡാമിലെ യാത്രക്കാരെ പല രാജ്യങ്ങളും വിലക്കി.
236 യാത്രക്കാരും 747 ജീവനക്കാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.
സമ്മർദ്ദത്തിലായ കംബോഡിയൻ ഭരണകൂടം കരയിലിറങ്ങിയ യാത്രക്കാരിൽ നിന്ന് കൊറോണ പരിശോധനയ്ക്കായി സാമ്പിളുകൾ എടുത്തു. കപ്പലിൽ തങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. രോഗബാധയില്ലെന്ന് കണ്ട് യാത്രാവിലക്ക് നീക്കിയ കംബോഡിയൻ ഭരണകൂടവും ഹോളണ്ട് അമേരിക്ക ലൈൻ മേധാവികളും ചേർന്ന് എല്ലാവരെയും സ്വദേശങ്ങളിലേക്ക് ഇന്നലെ യാത്രയാക്കി. കാർണിവൽ കോർപ്പറേഷന്റെ കീഴിലെ ഹോളണ്ട് അമേരിക്കലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് വെസ്റ്റർഡാം.
കോട്ടയം സ്വദേശി എക്‌സിക്യൂട്ടീവ് ഷെഫ് ബിറ്റ കുരുവിളയെക്കൂടാതെ കൊല്ലം സ്വദേശി മണിലാൽ, തൊടുപുഴ സ്വദേശി സിജോ, വൈക്കം സ്വദേശി അനൂപ് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.