തൃക്കാക്കര : റവന്യൂ വകുപ്പിലെ ജീവനക്കാരുടെ പണിമുടക്കിൽ എറണാകുളം ജില്ലയിലെ 91.2 ശതമാനം ജീവനക്കാർ പണി മുടക്കി. ജില്ലയിൽ ജില്ലാ കളക്ടർ മുതൽ പാർട്ട് ടൈം സ്വീപ്പർമാർ വരെയുള്ള 1753 ജീവനക്കാരിൽ കേവലം 154 പേർ മാത്രമാണ് ജോലിയ്ക്ക് ഹാജരായത്.

കളക്ടറേറ്റ്, രണ്ട് റവന്യൂ ഡിവിഷണൽ ഓഫീസുകൾ, ഏഴ് താലൂക്ക് ഓഫീസുകൾ, 121 വില്ലേജ് ഓഫീസുകൾ, 18 പൊന്നുംവില ഓഫീസുകൾ, 3 റവന്യൂ റിക്കവറി ഓഫീസുകൾ, ഒരു ലാൻഡ് ട്രൈബ്യൂണൽ, വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം, അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ലെയ്സൺ ഓഫീസറുടെ കാര്യാലയം തുടങ്ങിയ 155 റവന്യൂ ഓഫീസുകളിലും സർവെ, പബ്ലിക് റിലേഷൻസ്, ദേശീയ സമ്പാദ്യ പദ്ധതി, പ്രോസിക്യൂഷൻ തുടങ്ങിയ വകുപ്പുകളുടെ 14 ഓഫീസുകളിലുമായാണ് ഇത്രയും ജീവനക്കാർ ജോലി ചെയ്യുന്നത്.

ഇതിൽ 104 വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ 114 ഓഫീസുകൾ പൂർണ്ണമായി അടഞ്ഞ് കിടന്നു. 121 വില്ലേജ് ഓഫീസർമാരിൽ 4 പേർ മാത്രമാണ് ജോലിയ്ക്ക് ഹാജരായത്.

1919ൽ തിരുവിതാംകൂർ കേന്ദ്രീകരിച്ചും, 1968ൽ കോട്ടയം ജില്ലയിലും റവന്യൂ വകുപ്പിലെ ജീവനക്കാർ പണിമുടക്കി സമരം ചെയ്തിട്ടുണ്ടെങ്കിലും, സംസ്ഥാന തലത്തിൽ ആദ്യമായാണ് റവന്യൂ ജീവനക്കാർ പണിമുടക്കുന്നത്.