ആലുവ: മഹാശിവരാത്രിയാഘോഷത്തിനും ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യാപാരമേളക്കും ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം പത്രസമ്മേളനത്തിൽ അറിയിച്ചു. മണപ്പുറത്ത് താത്കാലിക നഗരസഭ ഓഫീസ് നാളെ തുറക്കും. വൈകീട്ട് ആറിന് പ്രത്യേക കൗൺസിൽ യോഗം നടക്കും.
ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രിയാഘോഷം സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകളുടെയും മറ്റ് നിരോധിത പ്ലാസ്റ്റിക്കുകളുടെയും ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ശിവരാത്രിയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്നവർക്കായി രണ്ട് കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിട്ടുണ്ട്. നേവിയുടെ മുങ്ങൽ വിദഗ്ദ്ധരുടെ സേവനം മണപ്പുറത്ത് ലഭ്യമാക്കും. താലൂക്ക് ആശുപത്രിയുടെ ആംബുലൻസ് മണപ്പുറത്ത് സജ്ജമാക്കും. നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ ആംബുലൻസ് വിവിധ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘവും ശിവരാത്രി നാളിൽ മണപ്പുറത്തുണ്ടാകും.
2019ലെ പ്രളയത്തിനുശേഷം മണപ്പുറത്തിന്റെ പുനരുദ്ധാരണത്തിനായി പത്തുലക്ഷം രൂപ ചെലവഴിച്ചു.
മണപ്പുറത്ത് താത്കാലിക പൊലീസ് സ്‌റ്റേഷൻ, ഫയർ സ്‌റ്റേഷൻ, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., ആലുവ ജില്ലാ ആശുപത്രി പ്രഥമ ശുശ്രൂഷാ യൂണിറ്റ്, മെഡിക്കൽ ഹോമിയോ യൂണിറ്റ് എന്നിവയുണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ അളവും തൂക്കവും ഗുണനിലവാരവും പരിശോധിക്കും. സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ശുചീകരണ പ്രവർത്തനങ്ങൾ ആഴ്ചകൾക്ക് മുമ്പേ തുടങ്ങി. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
ആലുവ എസ്.ബി.ഐ. ജീവനക്കാരുടെ സംഘടനയായ 'സപര്യ സോഷ്യൽ സർക്കിളിന്റെ' നേതൃത്വത്തിൽ പതിവുപോലെ മണപ്പുറത്ത് സൗജന്യമായി ചുക്കുക്കാപ്പി വിതരണം നടത്തും. താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ കുടിവെള്ള കൗണ്ടർ മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കും.
മണപ്പുറത്ത് മീഡിയ സെന്റർ
ആലുവ മീഡിയ ക്ളബിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് താത്കാലിക മീഡിയ സെന്റർ തുറക്കും. മണപ്പുറത്തെ താത്കാലിക മുനിസിപ്പൽ ഓഫീസിന് എതിർവശത്താണ് മീഡിയ സെന്റർ പ്രവർത്തിക്കുക. വ്യാപാരമേള അവസാനിക്കുന്നത് വരെ മീഡിയ സെന്റർ പ്രവർത്തിക്കും. നാളെ രാവിലെ 10.30നാണ് ഉദ്ഘാടനം.
ട്രെയിൻ സൗകര്യം
ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന് ആലുവയിൽ രണ്ട് മിനിട്ട് സ്റ്റോപ്പ് അനുവദിച്ചു. വെള്ളിയാഴ്ച കോയമ്പത്തൂർ - തൃശൂർ പാസഞ്ചർ ട്രെയിൻ ആലുവ വരെ നീട്ടി.
ശനിയാഴ്ച തൃശൂരിൽ നിന്ന് കണ്ണൂർ വരെ പോകുന്ന ട്രെയിൻ ആലുവയിൽ നിന്നാണ് ആരംഭിക്കുക. ഇതേ ട്രെയിൻ തൃശൂരിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒൻപതിന് പുറപ്പെട്ട് 10.30ന് ആലുവയിൽ എത്തിച്ചേരും. ഇതേ ട്രെയിൻ ശനിയാഴ്ച പുലർച്ചെ 4.10ന് ആലുവയിൽ നിന്ന് പുറപ്പെടും. തൃശൂർ (5.50), കണ്ണൂർ (12.15) എന്നീ സമയത്ത് എത്തിച്ചേരും. ഈ ട്രെയിനുകൾക്ക് തൃശൂരിനും ആലുവയ്ക്കും ഇടയിൽ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ട്.