കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിനെ സെന്റർ ഒഫ് എക്സലൻസ് ആക്കുന്നതിന് ആവശ്യമായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. എറണാകുളം ബി.ടി.എച്ചിൽ നടന്ന യോഗത്തിൽ പ്രൊഫ.എം.കെ സാനു, എം.പി ഹൈബി ഈഡൻ, എം.എൽ.എമാരായ എസ്. ശർമ്മ, വി.കെ ഇബ്രാഹിംകുഞ്ഞ്, കളമശേരി നഗരസഭാധികൃതർ, മെഡിക്കൽ കോളേജ് അധികൃതർ, വിദ്യാർത്ഥി പ്രതിനിധികൾ, ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ
1. മെഡിക്കൽ കോളേജിനായി കൂടുതൽ സ്ഥലം - നിലവിൽ 45 ഏക്കറാണ് മെഡിക്കൽ കോളേജിനുള്ളത്. ആശുപത്രിയോട് ചേർന്നുള്ള 70 ഏക്കർ സ്ഥലം ആശുപത്രിയ്ക്ക് നൽകാനായി സർക്കാരിനോട് ആവശ്യപ്പെടുക
2. അധ്യാപകരുടെ കുറവ് നികത്തുക. കോഴ്സുകൾ പഠിപ്പിക്കാനും ആശുപത്രിയിൽ ചികിത്സിക്കാനും ഡോക്ടർമാരുടെ കുറവ് നികത്താൻ കൂടുതൽ തസ്തിക സൃഷ്ടിക്കുക
3. ജനറൽ സർജറി, ഓർത്തോ ഗൈനക്കോളജി തുടങ്ങിയ ഉൾപ്പെടെയുള്ള അത്യാവശ്യ വിഭാഗങ്ങളിലേക്ക് പി.ജി കോഴ്സുകൾ തുടങ്ങുക
4. നഴ്സിംഗ് കോളേജിൽ പുതിയ പി.ജി കോഴ്സുകൾക്കുള്ള നടപടി ആരംഭിക്കുക
5. കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുക. ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുക
6. പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ - ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഒരു ബസ് മെഡിക്കൽ കോളേജിലേയ്ക്ക് അനുവദിക്കുക
7. കാന്റീൻ, താമസ സൗകര്യം വർദ്ധിപ്പിക്കുക. ആശുപത്രിയിലെത്തുന്ന രോഗികളുടെ ഒപ്പമുള്ളവർക്കും ഭക്ഷണം കഴിക്കാനും താമസിക്കാനും സൗകര്യം ഒരുക്കുക
8. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക. ബോയ്സ് ഹോസ്റ്റൽ പണിയാൻ സ്ഥലം അനുവദിക്കുക