# എന്റെ ഗ്രാമം ശുചിത്വഗ്രാമം ഒന്നാംഘട്ടം പൂർത്തിയായി
പറവൂർ : പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ ‘എന്റെ ഗ്രാമം ശുചിത്വഗ്രാമം’ മാലിന്യ നിർമാർജന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പതിനേഴ് വാർഡുകളിൽ നിന്നായി 90 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. രണ്ടാം ഘട്ടത്തിനു തുടക്കംകുറിച്ച് ഹരിതകർമസേന അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. ഖര, അജൈവ മാലിന്യങ്ങൾ ഓരോ വാർഡുകളിലും നിശ്ചയിച്ച കേന്ദ്രങ്ങളിൽ ശേഖരിച്ചു പുനരുപയോഗത്തിനും സംസ്കരണത്തിനുമായി ശുചിത്വമിഷന്റെ അംഗീകാരമുള്ള മലപ്പുറം എക്കോഗ്രീൻ ഏജൻസിക്ക് കൈമാറി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. പ്ലാസ്റ്റിക്, ടയർ, പുസ്തകം, ബാഗ്, ഫ്ലക്സ്, ചെരുപ്പ്, ബൾബ്, ട്യൂബ് ലൈറ്റ്, തുണി, കുപ്പി, കുപ്പിച്ചില്ല്, മറ്റു ചില്ലുകൾ, ടിന്നുകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവയാണ് നീക്കം ചെയ്തത്.
മാർച്ച് മുതൽ ഹരിതകർമസേന അംഗങ്ങൾ വീടുകളിൽ നിന്ന് മാലിന്യശേഖരണം നടത്തും. ഈ മാസം ഒമ്പതുമുതൽ പതിമൂന്നുവരെ മാലിന്യശേഖരണം നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്രതീക്ഷിച്ചതിലേറെ മാലിന്യങ്ങൾ ശേഖരണ കേന്ദ്രങ്ങളിലെത്തിയതിനാൽ പതിനെട്ടിനാണ് പൂർത്തീകരിക്കാനായത്. അമ്പത് ടൺ മാലിന്യങ്ങൾ നീക്കം ചെയ്യാനാകുമെന്നായിരുന്നു തുടക്കത്തിൽ പ്രതീക്ഷ. 90 ടൺ മാലിന്യ ശേഖരിക്കാനായി. പദ്ധതിക്കായി പഞ്ചായത്ത് നാല് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഒരു കിലോഗ്രാം മാലിന്യം കൊണ്ടുപോകുന്നതിന് ഏജൻസിക്ക് 6.10 രൂപയാണ് നൽകേണ്ടത്. കൂടുതൽ മാലിന്യം ഉണ്ടായിരുന്നതിനാൽ 6 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ബാക്കി തുക പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നുനൽകും.
നാട്ടുകാർ , സാമൂഹിക മാദ്ധ്യമ കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി യൂണിയൻ, കുടുബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരുടെ പിന്തുണ ലഭിച്ചത് പദ്ധതിയുടെ വിജയത്തിന് സഹായകമായി.