തൃക്കാക്കര: തൃക്കാക്കര നഗരസഭ പരിധിയിലെ അനധികൃതമായി റോഡ് കൈയേറി കച്ചവടം നടത്തിവന്ന വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു തുടങ്ങി.ഇന്നലെ രാവിലെ ഏഴുമണിയോടെ കാക്കനാട് ജംഗ്ഷനിൽ നിന്നുമാണ് കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങിയത്.നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്കുമാർ,റവന്യൂ ഇൻസ്‌പെക്ടർ പ്രകാശ്കുമാർ എന്നിവരാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. കാക്കനാട് ജംഗ്ഷൻ,മുൻസിപ്പൽ പാർക്ക് പരിസരം,സിവിൽ ലൈൻ റോഡ്,സീ പോർട്ട് എയർ പോർട്ട് റോഡ്,ഐ എം .ജി ജംഗ്ഷൻ,എൻ.ജി ഓ ക്വാർട്ടേഴ്സ് കുന്നുംപുറം റോഡ് സുരഭി നഗർ കളക്ടറേറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ അൻപതോളം കൈയേറ്റങ്ങളാണ് നഗരസഭ പൊളിച്ചു നീക്കിയത്. ദേശീയ നഗര ഉപജീവന ദൗത്യ ത്തിന്റെ ഭാഗമായി നഗര കച്ചവട സമിതി അംഗീകരിച്ച് നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയത് ഒഴികെയുള്ള കടകളാണ് പൊളിച്ചു നീക്കിയതെന്ന് നഗരസഭ സെക്രട്ടറി പി .എസ് ഷിബു പറഞ്ഞു.ഓവർസിയർമാരായ നന്ദകുമാർ, അനൂപ് ജൂനിയർ ഹെൽത്ത് ഇൻസ്പെകർ ർമാരായ സജികുമാർ, ബോണി ബെന്നി , സാൻസി എന്നിവരുടെ നേതൃത്വത്തിലെ സ്ക്വാഡാണ് പ്രവർത്തിച്ചത്.