കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറ് പൊലീസ് ഉദ്യോഗസ്ഥർ നൽകിയ ജാമ്യാപേക്ഷകളിൽ എറണാകുളം സി.ജെ.എം കോടതി ഇന്നു വിധി പറയും. ഇന്നലെ ഹർജിയിൽ വാദം പൂർത്തിയായി. പ്രതികളെ ചോദ്യം ചെയ്യാൻ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നൽകിയ അപേക്ഷയും വാദം പൂർത്തിയായതിനെത്തുടർന്ന് ഇന്ന് വിധി പറയാൻ മാറ്റി.

നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ഉടുമ്പഞ്ചോല സ്വദേശി സി.ബി. റെജിമോൻ (48), സിവിൽ പൊലീസ് ഒാഫീസർമാരായ എസ്. നിയാസ് (33), സജീവ് ആന്റണി (42), ഹോം ഗാർഡ് കെ.എം. ജയിംസ് (52), സിവിൽ പൊലീസ് ഒാഫീസറായ തൊടുപുഴ സ്വദേശി ജിതിൻ. കെ. ജോർജ്ജ് (31), അസി. സബ് ഇൻസ്പെക്ടർ ഇടുക്കി സ്വദേശി റോയ്. പി. വർഗ്ഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ കഴിഞ്ഞ ദിവസം വാദമുന്നയിച്ചതിനെത്തുടർന്ന് കോടതി ഇവർക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസിൽ പിടികൂടിയ രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ നേരത്തെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം റദ്ദാക്കിയത്. ഇതിനിടെ കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടിരുന്നു.