തൃക്കാക്കര : ഇരുചക്രവാഹനങ്ങളിലെ സൈലൻസർ മാറ്റി വച്ച് കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്ന ഫ്രീക്കൻമാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ " സ്റ്റോപ്പ് തണ്ടർ" . പെരുമ്പാവൂരിൽ പിടികൂടിയത് 67 വാഹനങ്ങൾ. ഇവയിൽ തുറന്ന സൈലൻസറാണ് ഘടിപ്പിച്ചിരുന്നത്.
മലിനീകരണം കുറയ്ക്കുന്ന സൈലൻസറുകൾ ഇരുചക്രവാഹനം വാങ്ങിയ ഉടൻ ഊരിക്കളഞ്ഞ് വെറും പൈപ്പ് മാത്രംഘടിപ്പിക്കുന്നവർ ഇനി 5000 രൂപ പിഴ അടക്കണം. പിടികൂടിയവരെ നിയമാനുസൃതമായ സൈലൻസർ ഘടിപ്പിച്ച് വാഹനം ഹാജരാക്കിച്ച് പിഴയടപ്പിച്ചു. ഹാജരാക്കാത്ത വാഹനങ്ങളെ "വാഹൻ" സൈറ്റിൽ കരിമ്പട്ടികയിൽ പെടുത്തും. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ സസ്പെന്റ് ചെയ്യുമെന്നും പെരുമ്പാവൂർ ജോ. ആർ.ടി.ഒ. ബി ഷെഫീഖ് അറിയിച്ചു.
ജനുവരി മുതൽ തുടങ്ങിയ പരിശോധനയിൽ എം.വി.ഐമാരായ ദീപു .എൻ കെ, ബിനേഷ് കെ.എസ്, എ.എം.വിമാരായ രഞ്ജിത്, അസൈനാർ, ഷെറിൻ ന്യൂമാൻ, അജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.