നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനമായ തണ്ടർ ഫോഴ്‌സ് കമ്പനിയിലെ ഇരുനൂറോളം തൊഴിലാളികൾ സേവനവേതന വ്യവസ്ഥകൾ നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുവാൻ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ തീരുമാനിച്ചു. മാർച്ച് ഒമ്പതിന് സൂചനാ പണിമുടക്കും അതിനുശേഷം അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംയുക്ത കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂണിയൻ പ്രസിഡൻറ് ഇ.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അപ്പനാംകുഴി, ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ, റോബിൻ ജോർജ്, സജീവൻ എന്നിവർ പ്രസംഗിച്ചു. മാർച്ച് രണ്ടിന് വൈകീട്ട് അഞ്ചിന് നെടുമ്പാശേരി എയർപോർട്ട് കവലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.