crime

തൃപ്പൂണിത്തുറ: ''എനിക്കു മാപ്പുതരണം. ഞാൻ ഏഴാമത്തെ കല്‌പന ലംഘിച്ചു. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത് താെപ്പി കണ്ടപ്പോൾ. ഓഫീസർ ക്ഷമിക്കണം. ഞാൻ ഇവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നു. ഇത് അടുത്ത കടയിലേതാണ്. ഇത് ഉടമയ്ക്ക് തിരികെ നൽകണം...'' കവർച്ചയ്ക്കെത്തിയ വീട് സൈനികന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മോഷ്ടാവ് വീടിനകത്തെ ചുമരിൽ കുറിച്ചിട്ട വാചകങ്ങളാണിത്.

തിരുവാങ്കുളം പാലത്തിങ്കൽ വീട്ടിൽ ഐസക് മാണിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. പട്ടാളത്തിലായിരുന്ന ഐസക് ഇപ്പോൾ വിദേശത്തായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ മുറ്റം വൃത്തിയാക്കുവാനെത്തിയ ജോലിക്കാരിയാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിന്റെ വാതിലിന് പുറമെ മേൽക്കൂരയുടെ ഷീറ്റും തകർത്തിരുന്നു. അകത്തുകടന്ന മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾക്കായി തിരയുമ്പോഴായിരിക്കണം ചുമരിൽ സൈനികന്റെ തൊപ്പി കണ്ടത്. തുടർന്ന് അലമാരിയിലുണ്ടായിരുന്ന മദ്യക്കുപ്പി യിൽ നിന്ന് കുറച്ചു കഴിച്ചശേഷം മോഷ്ടാവ് മടങ്ങുകയായിരുന്നു. മദ്യക്കുപ്പി വച്ചിരുന്ന അലമാരയുടെ സമീപമുള്ള ഭിത്തിയിലാണ് ക്ഷമാപണക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഇവിടെ നിന്ന് എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

മോഷ്ടാവ് കുറിപ്പിൽ പറഞ്ഞ ബാഗ് സമീപത്തെ ടയർ കടയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇതിൽ ചില രേഖകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ബാഗിൽ വച്ചിരുന്ന പതിനായിരം രൂപ നഷ്ടപ്പെട്ടതായി കട ഉടമ ബാബു ജോസഫ് പറഞ്ഞു. സമീപത്തെ ചില കടകളിലും കവർച്ച നടന്നിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.