ആലുവ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ സ്ത്രീ യാത്രക്കാർക്ക് നേരെ ഡ്രൈവറുടെ അസഭ്യവർഷം. പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ആർ.പി.കെ 993 പി.ടി.എ നമ്പറിലുള്ള ബസിലെ യാത്രക്കാരെ ഇന്നലെ രാവിലെ അങ്കമാലിയിൽ വച്ചാണ് ഡ്രൈവർ അധിക്ഷേപിച്ചത്.

ആലുവയിൽ നിന്നും ചാലക്കുടി ഡിവൈൻ സ്റ്റോപ്പിലേക്ക് പോകുന്നതിന് ടിക്കറ്റെടുത്ത വനിതാ യാത്രക്കാരോടാണ് ഡ്രൈവർ മോശമായി പെരുമാറിയത്. റെയിൽവേ സ്റ്റേഷൻ, മിൽമ,ഡിവൈൻ ധ്യാനകേന്ദ്രം തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്റ്റോപ്പിൽ ബസ് നിർത്തേണ്ടിവരുന്നതിലെ അമർഷമായിരുന്നു കാരണം. 'ഇവരെയൊക്കെ കോഴിക്കോട് കൊണ്ടുപോയി ഇറക്കിയാലെ പഠിക്കൂ' , ആര് പറഞ്ഞിട്ടാണ് ഈ ബസിൽ കയറിയത്' എന്നൊക്കെയായിരുന്നു ഡ്രൈവറുടെ ആക്രോശം. കണ്ടക്ടർ ടിക്കറ്റ് നൽകിയപ്പോഴും യാത്രക്കാരോട് മറിച്ചൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഡിവൈൻസ്റ്റോപ്പിൽ ആളുണ്ടെന്ന് കണ്ടക്ടർ ധരിപ്പിച്ചപ്പോഴാണ് ഡ്രൈവർക്ക് സമനില തെറ്റിയത്. മിൽമയിൽ ജോലി ചെയ്യുന്നവരിൽ ചിലർ ഇതേ ബസിൽ പതിവായി യാത്ര ചെയ്യാറുണ്ട്. ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈഡവർ ഒഴികെ മറ്റ് ആരും ഡിവൈൻ സ്റ്റോപ്പിൽ നിർത്തുന്നതിന് അസഹിഷ്ണുത കാണിക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. ഈ സാഹചര്യത്തിൽ ഡ്രൈവർക്ക് എതിരെ വകുപ്പുതല നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.