കൊച്ചി: മാറ്റങ്ങളെ പൂർണമായി ഉൾക്കൊണ്ട് ഭാവനയോടെ മുമ്പോട്ടു പോകുന്നവയ്ക്കു മാത്രമേ നിലനിൽക്കാനാവൂവെന്ന് ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ കാന്ത് മൂഞ്ചാൽ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ 39- ാമത് വാർഷിക ദേശീയ മാനേജ്‌മെന്റ് കൺവെൻഷൻ ലേ മെറിഡിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്റർനെറ്റിന്റെ വ്യാപനത്തോടെ ലോകത്തെ വ്യാവസായിക രംഗത്ത് കുതിച്ചു ചാട്ടമാണ് സംഭവിച്ചത്. അഞ്ച് വർഷംകൊണ്ട് നടപ്പാക്കണമെന്ന് കരുതിയ വികസനങ്ങളും മാറ്റങ്ങളും ഒറ്റ വർഷത്തിനകം നടപ്പാക്കേണ്ടി വന്നു.
പാരമ്പര്യവും സംസ്‌ക്കാരവും വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഏതാനും വർഷങ്ങളായി ഇന്ത്യയുടെ പാരമ്പര്യം നശിപ്പിക്കപ്പെടുകയാണ്. കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് പുതിയ കാലത്തിന്റെ ആവശ്യങ്ങളിലേക്കുള്ള യാത്രയിലേക്ക് ഭാവനയെ മികവോടെ ഉപയോഗപ്പെടുത്താനാവുന്നവർക്ക് വിജയം വരിക്കാനാവുമെന്നും സുനിൽകാന്ത് മൂഞ്ചാൽ പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഇന്റലിജൻസ് ഗ്രിഡ് മുൻ സി.ഇ.ഒയും കോർപ്പറേറ്റ് മെന്ററുമായ ക്യാപ്റ്റൻ രഘുരാമൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും കൺവെൻഷൻ കമ്മിറ്റി ചെയർമാനുമായ ആർ. മാധവ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ബിബു പൊന്നൂരാൻ നന്ദിയും പറഞ്ഞു.