കൊച്ചി: എട്ടംഗ സൗഹൃദക്കൂട്ടിൽ ചേക്കേറാനായിരുന്നു ഐശ്വര്യയുടെ യാത്ര. എന്നാൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് കൂട്ടിലെ ഐശ്വര്യം പറന്നകന്നു. സഹിക്കാനാവാതെ വിതുമ്പുകയാണ് സഹപാഠികളും ബന്ധുക്കളും ചേർന്ന സൗഹൃദ കൂട്ടം.
പലയിടത്ത് കഴിയുന്ന എട്ടു പേരും ശനിയാഴ്ച ഇടപ്പള്ളിയിലെ ഒരു വീട്ടിൽ ഒത്തുചേരാൻ പദ്ധതിയിട്ടു. തീരുമാനം പെട്ടെന്നായിരുന്നു. ഈ സംഗമത്തിൽ പങ്കുചേരാനാണ് ബംഗളൂരു ഐ.ടി കമ്പനിയിലെ എൻജിനിയറായ ഐശ്വര്യ ഇടപ്പള്ളിയിലെ വീട്ടിലേക്ക് തിരിച്ചത്. ബസിലാണ് യാത്രയെന്ന് പറഞ്ഞപ്പോൾ ട്രെയിനിൽ വന്നാൽ പോരേയെന്ന് പിതാവ് ഗോപകുമാർ ചോദിച്ചു. പെട്ടെന്നായതിനാൽ ബസിലേ സീറ്റ് കിട്ടിയുള്ളൂവെന്നായിരുന്നു മറുപടി.
ബംഗളൂരുവിൽ നിന്ന് ബസ് പുറപ്പെട്ടപ്പോഴും യാത്രയ്‌ക്കിടയിലും കൂട്ടുകാരുമായും മാതാപിതാക്കളുമായും സംസാരിച്ചിരുന്നു. രാവിലെ ഏഴു മണിക്കാണ് ബസ് ഇടപ്പള്ളിയിൽ എത്തേണ്ടിയിരുന്നത്. രാവിലെ കൂട്ടിക്കൊണ്ടുവരാനായി ഐശ്വര്യയുടെ മൊബൈലിലേക്ക് ഗോപകുമാർ വിളിച്ചപ്പോൾ സ്വിച്ച് ഒഫ്. ചാർജ് തീർന്നതാകാമെന്ന് വിചാരിച്ച് കാത്തിരുന്നു. ഒമ്പതു മണിയായിട്ടും ഐശ്വര്യ വീട്ടിലെത്തിയില്ല. ഈസമയം കൂട്ടുകാരിൽ ചിലർക്ക് ഐശ്വര്യ അപകടത്തിൽ മരണമടഞ്ഞ വിവരം ലഭിച്ചു. ഇവരും ബന്ധുക്കളുമാണ് വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചത്. പത്തുമണിയോടെ ഗോപകുമാറും ബന്ധുക്കളും അവിനാശിയിലേക്ക് പുറപ്പെട്ടു.
ലിഫ്റ്റ് കൺസൽട്ടന്റ് ഗോപകുമാറിന്റെയും കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ രാജശ്രീയുടെയും മൂത്തമകളാണ് ഐശ്വര്യ. ഒരുവർഷം മുമ്പ് ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ഐ.ടി എൻജിനിയർ ആഷിൻ ഉദയനെ വിവാഹം കഴിച്ചു. ജനുവരി 31ന് രാജശ്രീയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഭർത്താവിന് ലീവ് കിട്ടാത്തതിനാലാണ് ഐശ്വര്യ ഒറ്റയ്ക്ക് യാത്രതിരിച്ചത്. ഇടപ്പള്ളി മാരിയമ്മൻ കോവിലിലെ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹവും ബന്ധുക്കളുമായി പങ്കുവച്ചിരുന്നു. വിദ്യാർത്ഥിയായ അശ്വിനാണ് സഹോദരൻ. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.
'നിങ്ങൾ പറഞ്ഞ സമയത്ത് എത്തണം, ഞാൻ രാവിലെ എത്തും' സൗഹൃദക്കൂട്ടിലെ എല്ലാവരെയും ബസിലിരുന്ന് ഐശ്വര്യ ഓർമ്മിപ്പിച്ചത് പറയുമ്പോൾ സുഹൃത്ത് രാകേഷിന് വിതുമ്പലടക്കാനായില്ല.
ഏഴ് കൂട്ടുകാരും പ്രിയ കൂട്ടുകാരിക്ക് യാത്രാമൊഴിയേകാൻ അവളുടെ വീട്ടിലുണ്ട്. ഇനിയൊരു കൂടിച്ചേരലിന് ഐശ്വര്യയില്ലെന്ന വേദനയോടെ...