കൊച്ചി: തുടക്കമിട്ട് നാലുവർഷത്തിനിപ്പുറം 'എന്റെ കുളം എറണാകുളം' പദ്ധതിക്ക് അടിമുടി മാറ്റം. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ സന്നദ്ധ പ്രവർത്തകരുടെയും പൊതുജനത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഇനിമുതൽ പൂർണ്ണമായും സർക്കാരിന്റെ ചുമതലയിൽ. ഹരിതകേരള മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കുളം വൃത്തിയാക്കി മനോഹരമാക്കി പൊതുജനത്തിന് ഉപകാരപ്രദമാക്കുക എന്നതാണ് ലക്ഷ്യം.മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു വർഷം ആറുകുളം മാത്രമേ നവീകരിക്കുകയുള്ളൂ. പൊതുജന പങ്കാളിത്തത്തോടെ നിരവധി കുളങ്ങൾ നന്നാക്കിയിരുന്നത് വെട്ടിക്കുറച്ചതിനെതിരെ എതിർപ്പുകളുമുയരുന്നുണ്ട്. വേനൽക്കാലത്തെ ശുദ്ധജല ക്ഷാമംനേരിടാൻ വൃത്തിയാക്കിയ കുളങ്ങൾ സഹായിച്ചിരുന്നുവെന്ന് എതിർക്കുന്നവർ പറയുന്നു.
പദ്ധതി നടപ്പാക്കുന്നിടങ്ങൾ
തൃപ്പുണിത്തുറ, കാലടി, വടവുകോട്- പുത്തൻകുരിശ്, രായമംഗലം, തിരുവാണിയൂർ, ആമ്പല്ലൂർ
അന്നത്തെ എന്റെ കുളം എറണാകുളം
2016ൽ അന്നത്തെ ജില്ലാകളക്ടർ രാജമാണിക്യമാണ് 'എന്റെ കുളം എറണാകുളം' പദ്ധതിക്ക് ആരംഭമിട്ടത്. തൊട്ടുമുന്നത്തെ വർഷം തമിഴ്നാട്ടിലുണ്ടായ പ്രളയമുണ്ടായപ്പോൾ സഹായമെത്തിക്കാൻ ഒത്തുചേർന്ന അൻപൊട് കൊച്ചി കൂട്ടായ്മയും ഒപ്പം നാട്ടുകാരും സർവ്വ പിന്തുണയുമായി ഒപ്പം നിന്നു. കാക്കനാട് ചിറ്റേത്തുകരയിലെ കുളത്തിൽ തുടങ്ങി 55 പൊതുകുളങ്ങളാണ് ആ വർഷം 'എന്റെ കുളം എറണാകുളം' വഴി നന്നാക്കിയെടുത്തത്. രാജമാണിക്യത്തിന് ശേഷമെത്തിയ മുഹമ്മദ് വൈ സഫീറുള്ളയും പദ്ധതി തുടർന്നു. 2017ൽ പദ്ധതിയുടെ രണ്ടാംഘട്ടമായി '50 ദിവസം 100 കുളം' എന്ന് ലക്ഷ്യമിട്ട കുളം വൃത്തിയാക്കൽ 151 ലാണ് അവസാനിച്ചത്. ഇതോടെ പദ്ധതി സംസ്ഥാന ശ്രദ്ധ ആകർഷിച്ചു. പുനരുദ്ധരിച്ച കുളങ്ങളുടെ സമർപ്പണം വടവുകോട് പുത്തൻകുരിശു പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2018ലെ മൂന്നാംഘട്ടത്തിൽ 75 ദിവസങ്ങൾ കൊണ്ട് 100 കുളം എന്ന ലക്ഷ്യത്തിൽ 94 എണ്ണം വൃത്തിയാക്കി.
''വൃത്തിയാക്കിയ കുളങ്ങൾ ഉപയോഗിക്കാതെ പഴയരൂപത്തിലേക്ക് എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്. വൃത്തിയാക്കുന്ന കുളങ്ങൾ ജനത്തിന് പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.''
സുജിത്ത്
ഹരിതകേരള മിഷൻ
''നൂറോളം കുളങ്ങൾ ചുരുങ്ങിയ പണച്ചെലവിലാണ് അന്ന് നന്നാക്കിയിരുന്നത്. 25,000-75,000 രൂപ വരെയായിരുന്നു ഒരു കുളത്തിന് ചെലവായിരുന്നത്. നാട്ടുകാർ സഹകരിച്ചിരുന്നതുകൊണ്ട് പണിക്കൂലി ഒഴിവാക്കാനാവുമായിരുന്നു. പെട്ടെന്നാണ് പദ്ധതി നിലച്ചുപോയത്. ഇപ്പോഴും ആളുകൾ വിളിച്ച് അന്വേഷിക്കാറുണ്ട്.''
അനൂപ്
അൻപൊട്
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ട് വഴി നൽകുന്ന 35 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകും
. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കുളങ്ങൾ നവീകരിക്കും.