കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന വഴിയോരക്കച്ചവടക്കാരെ കോർപ്പറേഷൻ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവിന്റെയും കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ഇന്നലെ രാവിലെ ആരംഭിച്ച പൊളിക്കൽ നടപടികൾ വൈകുന്നതുവരെ നീണ്ടു.
ബ്രോഡ്‌വേയ്ക്ക് സമീപമുണ്ടായിരുന്നതും പിന്നീട് മറൈൻഡ്രൈവിലും പ്രവർത്തിച്ചുവന്ന വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിക്ക് സമീപത്തെ തട്ടുകടകളും പെട്ടിക്കടകളും ഒഴിപ്പിച്ചത്. എബ്രഹാം മാടമാക്കൽ ജംഗ്‌ഷനിൽ നിന്നാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപംവരെയുള്ള അനധികൃത കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. റോഡിലേക്ക് ഷീറ്റ് ഇറക്കി കച്ചവടം നടത്തിയവർ ,,കാൽനടയാത്രക്കാർക്കും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കും വിധം പ്രവർത്തിച്ചകടകൾ, ലൈസൻസില്ലാതെ പ്രവർത്തിച്ച കടകൾ എന്നിവയാണ് നീക്കം ചെയ്തതെന്ന് അസിസ്റ്റൻറ് എൻജിനിയർ രാജലക്ഷ്മി പറഞ്ഞു.

അതേസമയം വർഷങ്ങളായി പാതയോരത്ത് കച്ചവടംനടത്തി ഉപജീവനം കഴിച്ചുകൂട്ടിയിരുന്നവരെ വഴിയാധാരമാക്കുന്നതിൽ പ്രതിഷേധിച്ച് വഴിയോര കച്ചവടക്കാരുടെ സംഘടനകളും രംഗത്തെത്തി . ഇവർക്ക് ജീവിക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം .