അങ്കമാലി: തുറവൂർ സ്വദേശി ജിസ് മോൻ ജോലി സംബന്ധമായ കാര്യങ്ങൾക്ക് ബംഗളൂരുവിലെ സുഹൃത്തിനെ കണ്ടുമടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പട്ടത്. സംഭവസ്ഥലത്തുവെച്ചുതന്നെ ആയിരുന്നു അന്ത്യം. ജിസ്‌മോൻ ഒന്നരവർഷം മുമ്പാണ് വിശ്വജ്യോതി കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് ബിടെക് പാസായത്. തുടർന്ന് പി.എസ്.സി പരീക്ഷകൾ എഴുതി ജോലിക്കുള്ള കാത്തിരിപ്പിലായിരുന്നു.
ഇതിനിടയിൽ ഈ മാസം ആദ്യം എറണാകുളത്തുള്ള ഐടി കമ്പനിയിൽ ഇന്റർവ്യൂവിൽ പങ്കെടുത്തു. ഈ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ രണ്ട് അഭിമുഖങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട് . അതിനായാണ് തന്റെയൊപ്പം വിശ്വജ്യോതി കോളേജിൽ പഠിച്ചിരുന്ന സുഹൃത്തുമായി ഗൃഹപാഠം ചെയ്യാൻ ബംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് പോയ ജിസ്‌മോൻ ബുധനാഴ്ച രാത്രിയാണ് നാട്ടിലേക്ക് മടങ്ങിയത്. പുറപ്പെടുന്നതിന് മുമ്പ് വീട്ടിലേക്ക് ഫോണിൽ വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു.