ksrtc-new

കൊച്ചി: ബംഗളൂരുവിലേക്കുള്ള ആർ.എസ് - 784 എ.സി വോൾവോ മൾട്ടി ആക്‌സിൽ ബസ് മുൻവശത്ത് സ്‌റ്റാൻഡ് പിടിച്ചിരിക്കുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽ അനൗൺസ്‌മെന്റ് മുഴങ്ങുമ്പോൾ ബസിന്റെ മുന്നിൽ രണ്ട് ചിരിക്കുന്ന മുഖങ്ങളുണ്ടാകും. വളയംപിടിച്ച് വി.ഡി. ഗിരീഷും കണ്ടക്‌ടർ സീറ്റിൽ വി.ആർ. ബൈജുവും. പക്ഷേ ഇനി യാത്രക്കാരെ സ്വീകരിക്കാൻ പുഞ്ചിരിയോടെ അവരുണ്ടാകില്ല. ഒരുമിച്ചുള്ള യാത്രയിൽ ആരോടും പറയാതെ ഇരുവരും തിരിച്ചെത്താത്തിടത്തേക്ക് മാഞ്ഞു.

അവിനാശിയിലുണ്ടായ അപടകത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്‌ടർമാരായിരുന്നു ഇരുവരും. മരണത്തിലും അവർ ഒരുമിച്ചു യാത്രചെയ്‌തു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്‌താൽ പറയാനുണ്ടാകുക കൂടുതലും പരിഭവങ്ങളും പരാതികളുമായിരിക്കും. എന്നാൽ ഇവർ ഇരുവരും യാത്രക്കാരുടെ സൂപ്പർ സ്‌റ്റാറുകളായിരുന്നു. സുരക്ഷിത യാത്രയ്ക്കൊപ്പം യാത്രക്കാരുടെ സഹായികളുമായി ഇവർ.

ബസിൽ വച്ച് അപസ്‌മാരം ബാധിച്ച് കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ വരുംവരെ പരിചരിച്ചതിന് 2018 ൽ അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡിയായ ടോമിൻ തച്ചങ്കരി പ്രത്യേക അഭിനന്ദനക്കത്ത് ഇരുവർക്കും നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ യശസ് ഉയർത്തിയെന്നായിരുന്നു അഭിനന്ദനവാചകം. പ്രളയകാലത്ത് ബംഗളുരൂ മലയാളികളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ച് കൊച്ചിയിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്‌തും ഇരുവരും മാതൃകയായി. യാത്രക്കാരുടെ കൂട്ടുകാരായിരുന്നു ഇരുവരുമെന്ന് കെ.എസ്.ആർ.ടി.സി എറണാകുളം ഡി.ടി.ഒയും വ്യക്തമാക്കി.

 നന്മയുടെ നിറകുടങ്ങൾ

2018 ലാണ് സംഭവം. ബംഗളുരൂവിലേക്ക് പോകുകയായിരുന്ന ബസിൽ തൃശൂരിൽ നിന്നാണ് ഡോ. കവിത വാര്യർ കയറിയത്. പുലച്ചെ 4.30ന് ബസ് ഹൊസൂർ എത്തിയപ്പോൾ യുവതിക്കു പെട്ടെന്നു വിറയൽ ആരംഭിച്ചു. ഉടൻ ബസ് നിറുത്തിയ ഇരുവരും കവിതയുടെ കൈയിൽ ഇരുമ്പ് താക്കോൽ പിടിപ്പിച്ചു. എന്നാൽ യുവതിയുടെ വിറയൽ നിന്നില്ല. ഉടനെ ഗിരീഷ് ബസ് അവിടെവച്ച് തിരിച്ചു. 500 മീറ്റർ മുമ്പുള്ള ജനനി ആശുപത്രിയായിരുന്നു ലക്ഷ്യം. അഡ്‌മിഷൻ ഫീസ് കളക്‌ഷൻ ബാഗിൽ നിന്നടച്ചു. എന്നാൽ യുവതിയോടൊപ്പം ആരെങ്കിലും ആശുപത്രിയിൽ നിൽക്കണമെന്നായി ഡോക്ടർമാർ. യാത്രക്കാരിൽ പലരും അടുത്തദിവസം ജോലിക്കു കയറേണ്ടവർ. ബന്ധുക്കൾ എത്തുംവരെ യാത്ര നീട്ടിവയ്ക്കാൻ പറ്റില്ല. ഉടൻതന്നെ മേലധികാരികളെ വിളിച്ച് കാര്യംപറഞ്ഞു. ഒരാൾ അവിടെ തുടരാൻ അനുമതി വാങ്ങി.ബൈജു യുവതിക്കൊപ്പം നിൽക്കുകയും ഗിരീഷ് യാത്ര തുടരുകയും ചെയ്തു. പിറ്റേന്ന് യുവതിയുടെ ബന്ധുക്കളെത്തിയതോടെ രാവിലെ പത്തുമണിയോടെ ബൈജു ബംഗളൂരുവിലെത്തി ബസിനൊപ്പം ചേർന്നു.