ആലുവ: ശിവരാത്രി മണപ്പുറത്ത് ആരംഭിക്കുന്ന താത്കാലിക നഗരസഭ ഓഫീസ് രാവിലെ പത്തിന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ സി. ഓമന, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ എന്നിവർ സംസാരിക്കും.
പൊലീസ് കൺട്രോൾ റൂം ഇന്ന് തുറക്കും
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ആരംഭിക്കുന്ന പൊലീസ് കൺട്രോൾ റൂം ഇന്ന് രാവിലെ പത്ത് മുതൽ പ്രവർത്തനം ആരംഭിക്കും. മണപ്പുറത്തെ ശിവരാത്രി വ്യാപാരോത്സവം അവസാനിക്കുന്നത് വരെ പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും.
വഴിയോര കച്ചവടങ്ങൾക്ക് നിരോധനം, യാചകനിരോധന മേഖല
ആലുവ: മണപ്പുറത്തുള്ള ക്ഷേത്രത്തിൽ നിന്നും അമ്പത് മീറ്റർ ചുറ്റളവിൽ വഴിയോരകച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. നഗരസഭാ പരിധി യാചക നിരോധന മേഖലയാണ്.
ഇന്നും നാളെയും മദ്യ നിരോധനം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭ പരിധിയിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചു.
'കേരളകൗമുദി' സ്റ്റാൾ
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' ആലുവ അദ്വൈതാശ്രമത്തിൽ പ്രത്യേക സ്റ്റാൾ തുറക്കും. ഇന്ന് രാവിലെ 10ന് പ്രവർത്തനം ആരംഭിക്കും.ഒൗപചാരിക ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്റ്റാളിൽ നിന്നും കേരളകൗമുദിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ലഭിക്കും.
മണപ്പുറത്ത് സേവാഭാരതിയുടെ സേവനം
ആലുവ: ശിവരാത്രി മണപ്പുറത്ത് ഇക്കുറിയും സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങളുണ്ടാകും. സൗജന്യ ആംബുലൻസ് സർവീസ്, അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങളിലെ സൗജന്യ വൈദ്യസഹായം, ഇൻഫർമേഷൻ കൗണ്ടറുകൾ, ലഘുഭക്ഷണം, കുടിവെള്ള വിതരണം എന്നിവ സേവാഭാരതിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അമിത നിരക്ക് ഈടാക്കിയാൽ സമരമെന്ന് യുവമോർച്ച
ആലുവ: മഹാശിവരാത്രി നാളിൽ കെ.എസ്.ആർ.ടി.സി ബസ് അമിത നിരക്ക് ഈടാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധത്തിന് യുവമോർച്ച നേതൃത്വം നൽകുമെന്ന് സംസ്ഥാന സമിതിയംഗം രാജീവ് മുതിരക്കാട് അറിയിച്ചു. ലക്ഷക്കണക്കിന് തിർത്ഥാടകരെ കൊള്ളയടിക്കുന്ന നടപടിയിൽ നിന്നും കെ.എസ്.ആർ.ടി.സി പിന്മാറണം.സ്‌പെഷ്യൽ ട്രിപ്പുകൾ ഓടിക്കുന്നുവെന്ന് പറഞ്ഞാണ് അമിത കൂലി ഈടാക്കാൻ നീക്കം നടത്തുന്നതെന്ന് രാജിവ് മുതിരക്കാട് ആരോപിച്ചു.