ആലുവ: കുംഭത്തിലെ ശിവരാത്രി നാളിൽ പിതൃമോക്ഷത്തിനായി പെരിയാറിൽ മുങ്ങിക്കുളിച്ച് ബലിതർപ്പണം നടത്താൻ പെരിയാർ തീരത്തേക്ക് ഇന്ന് ഭക്തലക്ഷങ്ങൾ ഒഴുകിയെത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലും ശിവരാത്രി ബലിതർപ്പണങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മണപ്പുറത്ത് ഇരുനൂറോളം താത്കാലിക ബലിത്തറകളുണ്ട്. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണത്തിനുള്ള സൗകര്യമുണ്ട്. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ രാത്രി 12ന് ക്ഷേത്രം തന്ത്രി ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ ശിവരാത്രി വിളക്ക് നടക്കും. തുടർന്നായിരിക്കും ഔദ്യോഗിക ബലിതർപ്പണം ആരംഭിക്കുക. മണപ്പുറത്തെ ശിവരാത്രി ആഘോഷ പരിപാടികൾ വിലയിരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, എൻ. വിജയകുമാർ, കമ്മീഷണർ ബി.എസ്. തിരുമേനി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മചൈതന്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണം നടക്കും. ഇന്ന് രാത്രി പത്തിന് ബലിതർപ്പണം ആരംഭിക്കും. കുംഭമാസത്തിലെ അമാവാസി നാളെയായതിനാൽ നാളെ ഉച്ചവരെ ബലിതർപ്പണം നീണ്ടുനിൽക്കും.
വ്രതമെടുത്ത ഭക്തർ ഇന്ന് രാത്രിയിൽ പഞ്ചാക്ഷരിമന്ത്രം ചൊല്ലി മണപ്പുറത്ത് ഉറക്കമൊഴിക്കും. നാളെ പുലർച്ചെ ബലിതർപ്പണം നടത്തിയ ശേഷമേ ഇവർ മടങ്ങുകയുള്ള. ദൂരെ ദിക്കുകളിൽ നിന്നുള്ളവർ തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് രാത്രി പത്തോടെ ബലിതർപ്പണം നടത്തി മടങ്ങും. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം ഭക്തർ ബലിതർപ്പണത്തിനായി എത്തുമെന്നാണ് കരുതുന്നത്.
ട്രെയിൻ, കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ, കൊച്ചി മെട്രോ എന്നിവ സ്‌പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദൂരെ ദിക്കുകളിൽ നിന്നുള്ളവർ ഇന്ന് ഉച്ചയോടെ ആലുവയിലേക്കെത്തിത്തുടങ്ങും.