ആലുവ: ദക്ഷിണകാശി എന്നറിയപ്പെടുന്ന ആലുവ മണപ്പുറവും ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമവും ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി. ഇന്ന് രാത്രി പത്തിന് ആരംഭിക്കുന്ന ബലിതർപ്പണം അമാവാസി ആയതിനാൽ 23 വരെ നീണ്ടു നിൽക്കും. മണപ്പുറത്ത് എത്തുന്നവർക്കും സാധന സാമഗ്രികൾക്കുമായി രണ്ട് കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ 2000 പൊലീസുകാരെവിന്യസിച്ചിട്ടുണ്ട്. 100 സി.സി ടിവി കാമറകൾ, ടവറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്തെ താത്കാലിക നഗരസഭ ഓഫീസിൽ ഇന്ന് വൈകീട്ട് ആറ് മണിക്ക് പ്രത്യേക കൗൺസിൽ യോഗം ചേരും. ദേവസ്വം ബോർഡ്, അദ്വൈതാശ്രമം, നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പെരിയാറിന്റെ ഇരുകരകളിലുമായി ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങളൊരുക്കിയത്.

ബലിതർപ്പണം:

മണപ്പുറത്ത് 75 രൂപ, അദ്വൈതാശ്രമത്തിൽ 70 രൂപ

ബലിതർപ്പണത്തിന് മണപ്പുറത്ത് ദേവസ്വം ബോർഡ് 75 രൂപയും അദ്വൈതാശ്രമത്തിൽ 70 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ തുക വാങ്ങുന്നവരെ കണ്ടെത്താൻ വിജിലൻസിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. മണപ്പുറത്ത് ഇരു കാറ്റഗറികളിലായി 200ഓളം ബലിത്തറകളുണ്ട്.

വ്യാജ പുരോഹിതന്മാരെ തടയാനും ബോർഡ് നടപടിയെടുത്തിട്ടുണ്ട്. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ രാത്രി 12ന് ശിവരാത്രി വിളക്കിന് ശേഷമായിരിക്കും ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കുക.

അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ബലി തർപ്പണം നടക്കുന്നത്. അദ്വൈതാശ്രമത്തിൽ ഒരേ സമയം രണ്ടായിരം പേർക്ക് ബലിതർപ്പണം നടത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കുളിക്കടവുകൾ ക്രമീകരിച്ചിട്ടുണ്ട്. അദ്വൈതാശ്രമത്തിലേക്ക് വരുന്ന വാഹനങ്ങൾ ആശ്രമം ഗ്രൗണ്ടിലും എതിർവശം സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കടവുകളും ബലിതർപ്പണ സൗകര്യവുമുണ്ടാകും.

സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, നാരായണപ്രസാദ് തന്ത്രി, പി.കെ. ജയന്തൻ ശാന്തി, ഋഷിചൈതന്യ, മധു ശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ നടക്കുന്നത്.

ആശ്രമത്തിൽ രാവിലെ ഏഴ് മുതൽ സൗജന്യ കഞ്ഞി വിതരണം ഉണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തേതു പോലെ ഇക്കുറിയും മണപ്പുറത്ത് ഹരിത ശിവരാത്രിയാണ്. ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളക്കും ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. വ്യാപാര മേളയിൽ 40 സ്റ്റാളുകളും നൂറുകണക്കിന് ചെറുകിട കച്ചവടക്കാരും ഉണ്ടാകും. വ്യാപാര മേളയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി അമ്യൂസ്‌മെന്റ് പാർക്ക് ഉണ്ടാകും.

സർവ്വമത സമ്മേളനം വൈകിട്ട്

ആലുവ: ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായി ഗുരുദേവൻ സംഘടിപ്പിച്ച 97-ാമത് സർവ്വമത സമ്മേളനം ഇന്ന് വൈകിട്ട് നടക്കും. 4.30ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയാകും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം എന്നിവർ സംസാരിക്കും. ഡോ. ഗീവർഗീസ് മാർ കുറിലോസ്, സി.എച്ച്. മുസ്തഫ മൗലവി, സ്വാമി മുക്താനന്ദ യതി, മഞ്ജുഷ ഇമ്മാനുവൽ മിറിയം, പി. വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ നന്ദിയും പറയും.

രാവിലെ അഞ്ചിന് പ്രഭാത പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ശാന്തിഹവനം, ഗുരുദേവ പാരായണം, എന്നിവ നടക്കും. രാവിലെ എട്ടിന് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തും. പത്ത് മുതൽ ശിവഗിരി വിദ്യാനികേതൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 1.30ന് കായംകുളം വിമല നയിക്കുന്ന 'ശ്രീനാരായ ഗുരുദേവൻ' കഥാപ്രസംഗം എന്നിവ നടക്കും. വൈകിട്ട് സർവമത സമ്മേളനത്തിന് ശേഷം

ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരം അരങ്ങേറും.