gireesh

പെരുമ്പാവൂർ: ഡ്യൂട്ടിയിലായിരിക്കുമ്പോൾ എന്നും രാവിലെ ഗിരീഷ് ഭാര്യയ്ക്ക് ഫോൺ ചെയ്യുമായിരുന്നു. എല്ലാവരും ചായ കുടിച്ചോ എന്നായിരിക്കും ആദ്യചോദ്യം. ഇന്നലെ പതിവുസമയം കഴിഞ്ഞിട്ടും വിളിയെത്താത്തതിനെത്തുടർന്ന് സ്മിത ഗിരീഷിന്റെ മൊബൈലിലേക്ക് വിളിച്ചു. ഫോണെടുത്ത പൊലീസുകാരനാണ് മരണവിവരം അറിയിക്കുന്നത്. ദുരന്തവാർത്ത കേട്ടതോടെ സ്മിത തളർന്നുവീണു. വീട്ടിലുണ്ടായിരുന്ന ഗിരീഷിന്റെ അമ്മ ലക്ഷ്മിക്കും മകൾ ദേവികയ്ക്കും എന്തോ ദുരന്തം സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് കൂട്ടക്കരച്ചിലായി. ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാവാതെ വിഷമിച്ചു.

കോയമ്പത്തൂരിലെ അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഗിരീഷിന്റെ മരണവാർത്ത ഞെട്ടലോടെയാണ് വളയൻചിറങ്ങര ഗ്രാമം ശ്രവിച്ചത്. ഒരു കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷയുമാണ് ഗിരീഷിന്റെ മരണത്തോടെ നഷ്ടമായത്.

രായമംഗലം പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ തറവാട്ടുവീട് വിറ്റുകിട്ടിയ തുക കൊണ്ട് വളയൻചിറങ്ങര പുത്തൂരാൻ കവലയിൽ അഞ്ചുസെന്റ് സ്ഥലം വാങ്ങി ബാങ്ക് ലോണെടുത്താണ് ഗിരീഷ് രണ്ടുവർഷം മുമ്പ് വീട് പണി പൂർത്തിയാക്കി മാതാപിതാക്കളുമൊരുമിച്ച് താമസമാക്കിയത്. ഒന്നര വർഷം മുമ്പ് പിതാവ് ദാസൻ മരണമടഞ്ഞു. സ്വകാര്യവാഹനങ്ങളും ടൂറിസ്റ്റ് ബസും ഓടിച്ച് കുടുംബം പോറ്റിയിരുന്ന ഗിരീഷ് പന്ത്രണ്ടുവർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിക്ക് കയറിയത്. ആറ് വർഷത്തോളമായി എറണാകുളം ജില്ലയിലെ വിവിധ ഡിപ്പോകളിലായി ജോലിനോക്കി വരികയായിരുന്നു. നിറചിരിയോടെ സൗമ്യമായി പെരുമാറുന്ന ഗിരീഷ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

ഏകമകൾ ദേവിക വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഭാര്യ സ്മിത തയ്യൽക്കാരിയാണ്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടങ്ങിയവർ ഗിരീഷിന്റെ വീട്ടിലെത്തി ഭാര്യയേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു.