ann
ആൻ മരിയ ആശുപത്രിയിൽ

കോലഞ്ചേരി: സീറ്റു മാറിയതിനാൽ ജീവിതം തിരിച്ചുകിട്ടിയെങ്കിലും തന്നെ രക്ഷിച്ച കണ്ടക്ടറെ മരണം തട്ടിയെടുത്തതിന്റെ ദു:ഖത്തിലാണ് ആൻ മരിയ. അവിനാശിയിലെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ആൻ മരിയ കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലാണ്.

തുംഗൂർ ഡന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന തിരുവാണിയൂർ സ്വദേശി ആൻ മേരി നാട്ടിലേക്കു മടങ്ങുകയായിരുന്നു. സീ​റ്റ് റിസർവ് ചെയ്ത് വൈകിട്ട് 6.30 ഓടെയാണ് ബംഗളൂരു സ്​റ്റാൻഡിൽ നിന്ന് ഇവർ ബസിൽ കയറിയത്. ഡ്രൈവറുടെ സീ​റ്റിന് തൊട്ടുപുറകിൽ ഇരുന്നായിരുന്നു യാത്ര ആരംഭിച്ചത്. പിന്നീട് കണ്ടക്ടർ ആൻ മേരിയെ ഇടതുവശത്തേക്ക് മാ​റ്റി ഇരുത്തി. ആ സീ​റ്റ് മാ​റ്റമാണ് ആനിന് രക്ഷയായി മാറിയത്.

വലിയശബ്ദം കേട്ട് പുലർച്ചെ മൂന്നരയോടെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ആൻമേരിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായിരുന്നില്ല. ആരൊക്കെയോ ചേർന്ന് ബസിൽ നിന്ന് പുറത്തിറക്കി. രക്തം പുരണ്ട വസ്ത്രങ്ങളുമായി റോഡരുകിൽ മരവിച്ച് നിൽക്കുമ്പോഴാണ് എറണാകുളത്തേക്ക് വന്ന ബസുകാർ പിതാവിന്റെ നമ്പർ വാങ്ങി വിവരം ധരിപ്പിക്കുകയും അങ്കമാലിയിൽ എത്തിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് അങ്കമാലിയിൽ കാത്തുനിന്ന വീട്ടുകാർ നടുവിന് ചെറിയ പരിക്കേ​റ്റ ആൻ മേരി കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ആൻമേരി ഇനിയും മുക്തയായിട്ടില്ല. ദൈവകൃപയും ഭാഗ്യവുമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ആൻ മേരി പറഞ്ഞു.