കൊച്ചി: ഓട്ടിസത്തെ സംഗീതത്തിലൂടെ തോൽപ്പിച്ച കലാകാരി പൂജയെ ഷട്കാല ഗോവിന്ദമാരാർ കലാ സമിതി രാമമംഗലം കലാസമിതി ഓഡിറ്റോറിയത്തിൽ 23ന് ആദരിക്കും. വൈകിട്ട് ആറു മണിക്ക് പൂജയുടെ കർണാടക സംഗീത കച്ചേരിയും നടക്കും. ഈ സംഗീത കച്ചേരി കേൾക്കാനായി നിരവധി പ്രമുഖർ എത്തുമെന്ന് കലാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മകൾ പൂജയ്ക്ക് ഓട്ടിസമാണെന്ന് അറിഞ്ഞപ്പോൾ സകല പ്രതീക്ഷയും നഷ്ടപ്പെട്ട തൃശൂരിലെ രമേശൻ-സുജാത ദമ്പതികൾക്ക് ദൈവം കുഞ്ഞിന് സംഗീതത്തിൽ കഴിവ് നൽകി അനുഗ്രഹിച്ചെന്ന തിരിച്ചറിവ് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. ഒന്നിനോടും പ്രതികരിക്കാതെ, ഒരു വാക്കുപോലും ഉരിയാടാതിരുന്ന പൂജ ഒരു ദിവസം താൻ കേട്ട സംഗീതത്തോട് പ്രതികരിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചു. പിന്നാലെ സംഗീതാഭ്യാസത്തിനായി ഗുരു കൃഷ്ണ ഗോപിനാഥന്റെ അടുത്തേക്ക് അയച്ചു. തൃശൂർ മോഡൽ ഗേൾസ് ഹൈസ്‌കൂളിലെ പഠനവും ഒപ്പം ഓട്ടിസം സൊസൈറ്റിയും സർവശിക്ഷ അഭിയാനും ചേർന്ന് നടത്തുന്ന പരിശീലന പരിപാടിയിലുമെല്ലാം ചേർന്നതോടെ പൂജ സംഗീതകച്ചേരിയിലെ താളം പിഴക്കാത്ത കലാകാരിയായി.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും പരിശീലനം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റും തൃശൂരിലെ ചേതന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സംഗീതജ്ഞനുമായ ഫാ. പോൾ പുവത്തിങ്കൽ ഈ മിടുക്കിയുടെ കഴിവ് മനസിലാക്കി ചേതന മ്യൂസിക് കോളജിലെ സംഗീതവിഭാഗം മോധാവി നാരായണൻ ദേശമംഗലത്തിന്റെ കീഴിൽ പൂജയെ സംഗീതാഭ്യാസത്തിനായി ചേർത്തു. തുടർന്ന് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു ഈ 22 കാരി. പത്രസമ്മേളനത്തിൽ പ്രൊഫ. ജോർജ്.എസ്.പോൾ, നാരായണൻ ദേശമംഗലം, കെ.ജയചന്ദ്രൻ, പി.പി രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.