justis-devan-raamachandra
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ ദേവൻ രാമചന്ദ്രൻ ഗോപികയുടെ വീട്ടിലെത്തിയപ്പോൾ

തൃപ്പൂണിത്തുറ: നാട്ടിലേക്കുള്ള യാത്ര നേരത്തെയാക്കിയത് ഗോപികയുടെ അന്ത്യയാത്രയായി. അവിനാശിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോകുൽനാഥൻ - വരദാദേവി ദമ്പതികളുടെ ഏകമകളായ ഗോപിക (23) നാട്ടിലേയ്ക്ക് പുറപ്പെടുവാൻ തീരുമാനിച്ച ദിവസം വ്യാഴാഴ്ചയായിരുന്നു. അതിനായി കെ.എസ്.ആർ ടി.സിയിൽ സീറ്റ് ബുക്ക് ചെയ്തിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് വിളിച്ച് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുവാൻ നേരത്തെ വരട്ടെയെന്ന് ചോദിച്ചു. ഇതു പ്രകാരമാണ് വ്യാഴാഴ്ചയിലെ യാത്ര ബുധനാഴ്ച രാത്രിയിലേക്ക് മാറ്റിയത്. ഈ യാത്രയാകട്ടെ അന്ത്യയാത്രയായി മാറുകയും ചെയ്തു.

ബംഗളൂരുവിൽ നിന്ന് രാത്രി പുറപ്പെട്ട വിവരം വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു രാവിലെ ഏഴു മണിയോടെ വൈറ്റിലയിൽ എത്തുന്നതാണ് പതിവ്. എട്ടുമണി കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും കിട്ടിയില്ല. ഈ സമയത്താണ് ടി.വിയിൽനിന്ന് കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഗോപികയുടെ മാതാവ് വരദാദേവി ഹൈക്കോടതി ഉദ്യോഗസ്ഥർ മുഖേന നടത്തിയ അന്വേഷണത്തിലാണ് മകളും അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നു എന്നറിഞ്ഞത്. അതോടെ കുടുംബാംഗങ്ങൾ അങ്കലാപ്പിലായി. ഗോപികയുടെ മാതൃസഹോദരി പുത്രൻ നന്ദകുമാറും അമ്മാവന്റെ മകൻ രഞ്ജിത്ത് രവിയും കോയമ്പത്തൂരിലേക്ക് പോയി.

ഏക മകളുടെ മരണത്തോടെ തോപ്പിൽ വീട് അനാഥമായ അവസ്ഥയിലാണ്. ബംഗളൂരുവിൽ ജോലി ലഭിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞു. എല്ലാ ആഴ്ചയിലും രണ്ടുദിവസം ലീവ് ലഭിക്കുമ്പോൾ വീട്ടിൽവരും. സ്ഥിരമായി കെ.എസ്.ആർ.ടി.സി ബസിലായിരുന്നു യാത്ര. ഒരാഴ്ച മുൻപു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും ഡ്രൈവറുടെ സമീപത്തെ സീറ്റ് ലഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. മിക്കവാറും കൂട്ടുകാർക്കൊപ്പമാണ് നാട്ടിലേക്ക് വരിക. കൂട്ടുകാരി പാലാരിവട്ടം സ്വദേശി ശ്വേത ഇക്കുറി കൂടെയില്ലായിരുന്നു. ശ്വേത ഇന്നേ നാട്ടിലെത്തുകയുള്ളു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഗോപികയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ദുരന്തവിവരമറിഞ്ഞ് നൂറു കണക്കിനാളുകളാണ് ഇവരുടെ വീട്ടിലേക്കെത്തുന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.