കോലഞ്ചേരി: കെ.എസ്.അർ.ടി സി ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിയെബസ് ജീവനക്കാരും യാത്രക്കാരുംചേർന്ന് മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ കടമറ്റത്ത് വച്ചായിരുന്നു സംഭവം. തൊടുപുഴ കരിങ്കുന്നത്ത് നിന്നും എറണാകുളത്തേയ്ക്ക് പോയ ലോ കോളേജ് വിദ്യാർത്ഥിനി ആതിര എബ്രാഹമിനെയാണ് ബസ് ജീവനക്കാരായ കെ.ഗോപി, ടി.പി സാജൻ എന്നിവരും യാത്രക്കാരും ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചത്. കാഷ്വാലിറ്റിക്കു മുന്നിലെത്തിച്ച് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കും വരെ അര മണിക്കൂറോളം ബസ് അവിടെ നിർത്തിയിട്ടു. പിന്നീട് ബന്ധുക്കൾ അറിഞ്ഞെന്നുറപ്പ് വരുത്തിയാണ് ബസ് യാത്ര തുടർന്നത്. മൂവാറ്റുപുഴ ഡിപ്പോയിലെ ആർ.പി.കെ 379 എന്ന ബസിലായിരുന്നു സംഭവം.ആശുപത്രിയിൽ ആതിരസുഖം പ്രാപിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.