വീണ്ടും അറസ്റ്റ് ചെയ്തതിന് വിമർശനം
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മുഖ്യപ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തതിനു പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്ത നടപടിയെ ഹൈക്കോടതി വിമർശിച്ചു.
എ.എസ്.ഐ സി.ബി. റെജിമോൻ, സിവിൽ പൊലീസ് ഒാഫീസർമാരായ എസ്. നിയാസ്, സജീവ് ആന്റണി, ജിതിൻ. കെ. ജോർജ്, എ.എസ്.ഐ റോയ്. പി. വർഗീസ്, ഹോം ഗാർഡായ കെ.എം. ജയിംസ് എന്നിവരെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇൗ പ്രതികൾക്ക് ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാതെ എങ്ങനെയാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ആരാഞ്ഞു. എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മറ്റു പ്രതികളെ സി.ബി.ഐയ്ക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്. നേരത്തേ സി.ജെ.എം കോടതി ഇൗ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്താണ് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ രാജ്കുമാർ പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കേസിന്റെ അന്വേഷണം പിന്നീട് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.