siv-sankar
ശിവ ശങ്കർ

കോലഞ്ചേരി: അമ്മയെയും കൊണ്ട് ശിവരാത്രിയ്ക്ക് പോകണം, മൂന്നു ദിവസം അടുപ്പിച്ച കിട്ടുന്ന അവധിയിൽ ഒന്നു രണ്ട് അമ്പലദർശനങ്ങളുമുണ്ട്. ബംഗളൂരുവിലെ എംഫസീസ് കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറായ ശിവശങ്കർ നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയത് ഇങ്ങനെയാണ്. പൊതുവെ ഐ.ടി മേഖലയിൽ അടുപ്പിച്ച് അവധി കിട്ടാത്തതിനാൽ ഈ യാത്രയ്ക്ക് വളരെ സന്തോഷത്തിലാണ് ശിവശങ്കർ തയ്യാറായതെന്നും കൂട്ടുകാർ ഓർക്കുന്നു. അമ്മയുമായി അത്ര അടുപ്പമായിരുന്നു അവന്... വിറയാർന്ന വാക്കുകളോടെയാണ് സുഹൃത്ത് അരുൺ ഇക്കാര്യങ്ങൾ പറഞ്ഞത്.

അടുപ്പമുള്ളവർ വിഷ്ണുവെന്നാണ് വിളിച്ചിരുന്നത്. ബംഗളൂരുവിൽ ബസ് കയറ്റിവിട്ടത് സുഹൃത്ത് അരുണായിരുന്നു. ബസിൽ കയറും മുമ്പ് അമ്മയെ വിളിച്ചിരുന്നു. പുലർച്ചെ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകനെ കാണാതായപ്പോൾ അമ്മ തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെയാണ് ടി.വിയിൽ അപകട വാർത്ത കണ്ടത്. മരിച്ചവരുടെ പട്ടികയിൽ പേരു കാണാതെ വന്നതോടെ ആശ്വാസത്തിലായിരുന്നു ബന്ധുക്കൾ. സുഹൃത്ത് അരുൺ അവിനാശിയിൽ എത്തിയ ശേഷമാണ് മരിച്ചത് ശിവശങ്കറാണെന്ന് തിരിച്ചറിഞ്ഞത്. മുഖം തകർന്നതിനാലാണ് തിരിച്ചറിയാൻ വൈകിയത്. ഇടുക്കി വണ്ടിപെരിയാർ വള്ളക്കടവിലായിരുന്നു വിഷ്ണുവിന്റെ കുടുംബം താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പാണ് തിരുവാണിയൂർ കുംഭപ്പിള്ളിയിലെ സ്നേഹതീരം ലൈനിലേയ്ക്ക് എത്തിയത്.