accident
മകന്റെ നിശ്ചലമായ ശരീരത്തിനടുത്ത് പൊട്ടിക്കരയുന്ന അമ്മ ഉഷാകുമാരി

കോലഞ്ചേരി: അവിനാശി അപകടത്തിൽ മരിച്ച തിരുവാണിയൂർ കുംഭപ്പിള്ളി സ്നേഹതീരം റോഡിൽ ശ്രീ ശങ്കരത്തിൽ പുരുഷോത്തമന്റെ മകൻ ശിവശങ്കറി (വിഷ്ണു - 27) ന് നാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നല്കി. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി തമിഴ്നാട് സർക്കാരിന്റ ആംബുലൻസ് എത്തിയത്. മൃതദേഹം തിരിച്ചറിയാൻ വൈകിയതിനാൽ പോസ്റ്റ് മോർട്ടവും താമസിച്ചു.

ഇന്നലെ രാവിലെ 11 വരെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം 11.30 ഓടെ തിരുവാണിയൂർ ശാന്തി തീരം ശ്മശാനത്തിൽ സംസ്കാരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, വി.പി സജീന്ദ്രൻ എം.എൽ.എ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

എറണാകുളത്തെ ഷൺമുഖം റോഡ് എസ്.ബി.ഐ ബ്രാഞ്ചിലെ ജീവനക്കാരനായ വി.പുരുഷോത്തമനാണ് പിതാവ്. അമ്മ ഉഷാകുമാരി. സഹോദരി ഡോ.രാധിക ബംഗളൂരുവിൽ എം.ഡി.എസ് വിദ്യാർത്ഥിനിയാണ് . ഇവരുടെ ഭർത്താവ് രഞ്ജിത് ബംഗളൂരുവിൽ ഐ.ടി എൻജിനീയറാണ്.

ഇടുക്കി സ്വദേശികളായിരുന്ന ഇവർ മൂന്ന് വർഷം മുമ്പാണ് തിരുവാണിയൂരിലേയ്ക്ക് താമസം മാറി എത്തിയത്.