പിറവം :നൊന്തു പ്രസവിച്ച അമ്മ സുമതിയുടെ നെഞ്ചു പിടയുന്ന കരച്ചിൽ. കൂലിവേല ചെയ്ത് മകനെ വലുതാക്കിയ അച്ഛൻ രാജന്റെ സങ്കടം കടൽപോല.
പ്രിയതമന് ഏറ്റവും പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് മൃതദേഹവുമായി ആംബുലൻസിൽ എത്തിയ ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി.
വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടി, തലയുടെ ഒരു ഭാഗം മാത്രം പുറത്ത് കാണിച്ച ആ ശരീരം കാണാൻ കരുത്തില്ലാതെ ഏക മകൾ ബബിതയുടെ നിർത്താതെയുള്ള വിങ്ങിപ്പൊട്ടൽ. അവിനാശി ദുരന്തത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ബൈജുവിന്റെ വീട്ടിലെ നൊമ്പരക്കാഴ്ചകൾ കരൾപിളർത്തുന്നതായിരുന്നു.
ഓടിക്കളിച്ച നടവഴികളിലൂടെ അവസാനമായി യാത്ര ചെയ്ത് വ്യാഴാഴ്ച രാത്രിയാണ് ബൈജുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വെളിയനാട്ടെ വസതിയിലെത്തിയത്. അന്ത്യാഞ്ജലി അർപ്പിക്കുവാൻ രാത്രി മുതൽ ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
ഉറ്റവർക്കും ഉടയവർക്കും നാട്ടുകാർക്കും നിറം ചാലിച്ച ഒരു പാട് ഓർമ്മകളുള്ള സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു ബൈജു.
വെളിയനാട് സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ പി.സി.അച്ചൻകുഞ്ഞും അദ്ധ്യാപകരും രാവിലെ 8 മണിയോടെ എത്തി ആദരാഞ്ജലി അർപ്പിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ.മുൻ എം.എൽ.എ എം.ജെ.ജേക്കബ്, എസ്.എൻ.ഡി.പി. യോഗം തലയോലപറമ്പ് യൂണിയൻ സെക്രട്ടറി സുരേഷ് ബാബു, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ.മധു, കെ.എസ്.ആർ.ടി.സിയിലെ സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം പുഷ്പചക്രം അർപ്പിച്ചു.
രാവിലെ 9.30ന് മരണാനന്തര കർമ്മങ്ങൾ തുടങ്ങി. മൃതദേഹം ഫ്രീസറിൽ നിന്നെടുക്കാതെ തന്നെയായിരുന്നു ചടങ്ങുകൾ. പത്തരയോടെ വീട്ടുവളപ്പിലെ ചിതയിൽ ബൈജുവിന്റെ ഭൗതികദേഹം കത്തിയമർന്നു.